പിതാവിന് മകളുടെ അക്ഷരാദരവുമായി സൗദിയിലെ പ്രവാസി മലയാളി നിഖില സമീർ
Mail This Article
ഷാർജ∙ പിതാവിന്‍റെ ഉപ്പയുടെ നടക്കാതെ പോയ ഒരാഗ്രഹത്തിന് സൗദി റിയാദിൽ പ്രവാസിയായ മകളുടെ അക്ഷര സാക്ഷാത്കാരം– നിഖില സമീർ രചിച്ച ‘വൈദ്യേഴ്സ് മൻസിൽ’ എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം ഇന്ന് വൈകിട്ട് ആറിന് ഷാർജ രാജ്യാന്തര പുസ്തകമേള ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തിൽ എഴുത്തുകാരൻ ജേക്കബ് ഏബ്രഹാം പ്രകാശനം നിർവഹിക്കും. ഹരിതം ബുക്ക്സ് ആണ് പ്രസാധകർ. തന്‍റെ എഴുത്തുചിന്തകൾ പങ്കിടുകയാണ് ഗ്രന്ഥകർത്താവ്:
ജീവിതത്തെ ജീവത്താക്കുന്ന ഒരുപിടി ഓർമകളാണ് നല്ല സമ്പാദ്യം. അടുത്ത നിമിഷം എന്തെന്നു ഉറപ്പില്ലാത്തൊരു രംഗവേദിയാണ് ജീവിതം. ഓർമകൾക്ക് മരണമില്ലെന്നൊക്കെ കാവ്യ ഭാഷയിൽ പറയുമ്പോഴും എന്നിലേക്ക് മനുഷ്യ സഹജമായ മറവിയോ മരണമോ വന്നെത്തും മുൻപ് പ്രിയപ്പെട്ട നിമിഷങ്ങളേയും ഓർമ വസന്തങ്ങളേയും നൊമ്പരത്തേയും മായാത്ത മുഖങ്ങളേയും സ്നേഹത്തിന്റെ നീരൊഴുക്ക് പോലെ എഴുതിച്ചേർത്തതാണ് ഈ കൃതി. ഓർമകൾ കൊണ്ട് സമ്പന്നമായ അക്ഷരങ്ങളോട് നന്ദി. അക്ഷരങ്ങളാകാതെ ഉള്ളിൽ പച്ചപിടിച്ചു നിൽക്കുന്ന മനുഷ്യർക്കും അനുഭവങ്ങൾക്കും സ്‌നേഹാദരവുകൾ.
എഴുത്തിന്റെ പൊൻ തിരിവെട്ടം എവിടെയോ മിന്നുന്നുണ്ടെന്ന് ആദ്യം കണ്ടെത്തിയത് എന്റെ ഉമ്മിച്ച ആയിരുന്നു. എഴുത്തിനേക്കാൾ ഒരുപിടി പ്രിയം കൂടുതൽ വായനയോട് തന്നെയാണ്. അന്നുമിന്നും അഴിഞ്ഞു വീണ് അലിയാൻ കഴിയുന്ന ആശ്രയവും അനുഗ്രഹമാണ് എനിക്ക് കവിതകൾ. അമേയ, നീയും നിലാവും രണ്ട് കവിതാ സമാഹാരങ്ങൾക്കു ശേഷമാണ് വൈദ്യേഴ്സ് മൻസിൽ.