അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറിന്റെ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
Mail This Article
അബുദാബി ∙ വിദ്യാഭ്യാസ, തൊഴിൽ പരിശീലന മേഖലയിൽ ഇന്ത്യയും യുഎഇയും സഹകരണം ശക്തമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇതുസംബന്ധിച്ച് 2 കരാറുകൾ ഒപ്പുവച്ചതായും പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അനാഛാദനം ചെയ്ത വിഷൻ ഡോക്യുമെന്റിന്റെ ഭാഗമായാണ് സഹകരണം ശക്തിപ്പെടുത്തിയത്. പ്രഫഷനൽ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരസ്പരം സഹകരിക്കും.
യുഎഇ തൊഴിൽ വിപണിക്ക് ആവശ്യമായതും ഭാവിയിലെ മാറ്റങ്ങൾക്ക് അനുസൃതവുമായ നിലയിൽ ഉദ്യോഗാർഥികളെ വാർത്തെടുക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആവശ്യമായ മാറ്റം വരുത്തും. ഡിപി വേൾഡിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് റിക്രൂട്ടിങ് സംവിധാനം കാര്യക്ഷമമാക്കുമെന്ന് സിഇഒ സുൽത്താൻ അഹമ്മദ് ബിൻ സുലായവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പുനൽകി.
ഇതിനാവശ്യമായ നൈപുണ്യവികസന സംവിധാനം സംയുക്തമായി ഒരുക്കും. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകും വിധം പാഠ്യപദ്ധതി പരിഷ്കരിക്കും. ഹ്രസ്വ, ദീർഘകാല പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയ നൈപുണ്യ വികസന കോർപറേഷനുമായി ഡിപി വേൾഡ് സഹകരിക്കുന്നുണ്ട്. സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനു മുൻപ് മന്ത്രി അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറിന്റെ നിർമാണസ്ഥലത്തെത്തി പുരോഗതി വിലയിരുത്തി. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും മന്ത്രിയെ അനുഗമിച്ചു.