ADVERTISEMENT

ദോഹ ∙ ലോക പ്രമേഹ ദിനാചരണത്തോട് അനുബന്ധിച്ച് ഖത്തർ ഡയബറ്റിസ് അസോസിയേഷന്റെ (ക്യുഡിഎ) വാർഷിക ക്യാംപെയ്‌ന് തുടക്കമായി. നവംബർ 14നാണ് ലോക പ്രമേഹ ദിനം. ‘നിങ്ങളുടെ അപകടസാധ്യത അറിയുക, നിങ്ങളുടെ പ്രതികരണം അറിയുക’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ടൈപ്പ്-2 പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച ബോധവൽക്കരണമാണ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്. പ്രമേഹം നേരത്തേ തിരിച്ചറിയുകയും യഥാസമയം ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ പ്രതിരോധിക്കാമെന്നും ക്യാംപെയ്ൻ ചൂണ്ടിക്കാട്ടുന്നു. ക്യാംപെയ്‌ന്റെ ഭാഗമായി ഈ മാസം സ്‌കൂളുകൾ, സർവകലാശാലകൾ, മന്ത്രാലയങ്ങൾ, സ്വകാര്യ മേഖല എന്നിവിടങ്ങളിലെല്ലാം പ്രഭാഷണങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും. മിന ഡയബറ്റിക് മെഡിക്കൽ കോൺഫറൻസിലും ക്യുഡിഎ പങ്കെടുക്കും. 

3 വിഭാഗങ്ങൾക്ക് ബോധവൽകരണം 
ഇത്തവണ 3 വിഭാഗങ്ങൾക്കുവേണ്ടിയാണ് ക്യാംപെയ്ൻ നടത്തുന്നത്. പൊതുജനങ്ങളാണ് ആദ്യ വിഭാഗത്തിൽ. ടൈപ്പ്-2 പ്രമേഹത്തെക്കുറിച്ചുള്ള അവബോധം, രോഗ പ്രതിരോധം, നേരത്തേയുള്ള പരിശോധന, യഥാസമയം ചികിത്സ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണമാണ് നൽകുന്നത്. ടൈപ്പ്-2 പ്രമേഹത്തിന്റെ ലക്ഷണങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ഓർമപ്പെടുത്തും. പ്രമേഹം നിർണയിക്കപ്പെട്ടവരാണ് രണ്ടാം വിഭാഗക്കാർ. പ്രമേഹത്തെക്കുറിച്ച് ശരിയായ വിവരങ്ങൾ ലഭ്യമാകുന്നതിനെക്കുറിച്ചും സ്വയം പരിചരിക്കുന്നതിനെക്കുറിച്ചുമുള്ള ബോധവൽക്കരണം നൽകുക. മൂന്നാമത്തെ വിഭാഗം ആരോഗ്യപ്രവർത്തകരാണ്. അവർക്ക് പ്രമേഹരോഗികളിലെ സങ്കീർണതകൾ നേരത്തേ തിരിച്ചറിയാനും മികച്ച പരിചരണമേകാനും പരിശീലനം നൽകുകയാണ് ലക്ഷ്യം.

English Summary:

Qatar Diabetes Association Launches Diabetes Day Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com