കൃഷിയിൽ വെള്ളം കുറയ്ക്കാൻ ഖത്തർ
Mail This Article
ദോഹ ∙ രാജ്യത്തിന്റെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2030നകം കാർഷിക മേഖലയിലെ ജല ഉപഭോഗം 40 ശതമാനത്തോളം കുറയ്ക്കും. ജലസുരക്ഷ, ഭക്ഷ്യ ഉൽപാദനം, ഭക്ഷ്യ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിന്റെയും സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് 2030നകം ഓരോ ടൺ വിളയുടെയും ജല ഉപഭോഗത്തിൽ ശരാശരി 40% കുറവ് വരുത്താൻ നഗരസഭ മന്ത്രാലയം ലക്ഷ്യമിടുന്നത്.
മരുഭൂമിയിലെ കാലാവസ്ഥയിൽ സുസ്ഥിര-ഊർജ-ജല-പരിസ്ഥിതി ശൃംഖല സംബന്ധിച്ച മൂന്നാമത് രാജ്യാന്തര സമ്മേളനത്തിന്റെ പാനൽ ചർച്ചയിലാണ് നഗരസഭ മന്ത്രാലയത്തിലെ ഡോ. ഡെൽഫിൻ അക്‌ലോക് ജല ഉപഭോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
വരണ്ട രാജ്യങ്ങളിൽ വെള്ളം സുലഭമല്ലാത്തതിനാൽ കാര്യക്ഷമമായ വിനിയോഗവും ജല ഉപഭോഗം കുറച്ചുകൊണ്ടുള്ള കാർഷിക രീതികളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഒരു ടൺ വിളയുടെ ജല ഉപഭോഗത്തിൽ ശരാശരി 40 ശതമാനത്തോളം കുറവുവരുത്താൻ ശ്രമിക്കുന്നത്. സംസ്‌കരിച്ച മലിനജല ഉപയോഗം ഖത്തർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാലിത്തീറ്റ ഉൽപാദനത്തിനാണ് സംസ്‌കരിച്ച മലിനജലം ഉപയോഗിക്കുന്നത്. 2030നകം കാലിത്തീറ്റ ജലസേചനത്തിനായി 100 ശതമാനവും സംസ്‌കരിച്ച മലിനജലം ഉപയോഗിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മഴയുടെ ദൗർലഭ്യം, മരുഭൂമിവൽക്കരണം, ദൈർഘ്യമേറിയ വേനൽക്കാലം എന്നിവയാണ് ഗൾഫ് മേഖലയിലെ കാർഷികരംഗം നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഖത്തറിനെ സംബന്ധിച്ച് മഴവെള്ളവും ഭൂഗർഭജലവും മാത്രമാണ് പ്രകൃതിദത്ത ജലസ്രോതസ്സുകൾ. ശുദ്ധീകരിച്ച കടൽവെള്ളമാണ് രാജ്യത്തിന്റെ പ്രധാന ജലസ്രോതസ്സ്. ഭൂഗർഭ ജലസ്രോതസുകളുടെ നിലവാരവും അളവും സംരക്ഷിക്കുകയാണ് രാജ്യത്തിന്റെ ദേശീയ വികസന നയങ്ങളിലെ പ്രധാന ലക്ഷ്യം.