ഷാർജ രാജ്യാന്തര പുസ്തകമേള വായനക്കാരിയും എഴുത്തുകാരിയുമാക്കിയ രമ്യയുടെ ആദ്യ പുസ്തകം
Mail This Article
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേള വായനക്കാരിയും എഴുത്തുകാരിയുമാക്കിയ പ്രവാസി വനിതയാണ് രമ്യ ജ്യോതിസ്. തന്റെ ആദ്യ പുസ്തകമായ 'ചിദാനന്ദം' മേളയിൽ പ്രകാശനം ചെയ്യുന്നതിന്റെ സന്തോഷം പങ്കിടുകയാണ് എഴുത്തുകാരി:
പുസ്തക സ്നേഹികളുടെയും എഴുത്തുകാരുടെയും ഇഷ്ടസങ്കേതമായ ഷാർജ പുസ്തകോത്സവത്തിൽ എല്ലാ വർഷവും കുടുംബത്തോടൊപ്പം സന്ദർശിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലിൽ നിന്നും പല ഭാഷകളിൽ അനേകം എഴുത്തുകാരും പുസ്തകങ്ങളും കൊണ്ട് സമ്പന്നമായ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ എന്റെ ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്യാനുള്ള അവസരം കിട്ടിയത് ഒരു വലിയ ഭാഗ്യമായി കാണുന്നു.
കവിത ആസ്വദിക്കുകയും ചിലപ്പോഴൊക്കെ എഴുതുകയും ചെയ്യുന്നതിനപ്പുറം ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിക്കും എന്ന് മുൻപ് കരുതിയിട്ടില്ല. പ്രവാസഭൂമിയിലെ അക്ഷരോത്സവമാണ് അതിന് പ്രചോദനമായത്. നാടിന്റെ ഓർമകളും വീടിന്റെ ഗൃഹാതുരത്വവും ആത്മബന്ധങ്ങളും ഒക്കെ അകലെയാവുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഹൃദയഭാഷ്യങ്ങൾ കവിത പോലെ കുറിച്ചു. പ്രവാസലോകത്തിലെ വിരസതകൾക്കിടയിൽ നമ്മുടെ ഉള്ളിലെ വിചാരവികാരങ്ങളെ മൗനങ്ങളെ, വാചാലതയെയൊക്കെ പുറത്തേക്കെടുക്കാനുള്ള നല്ലൊരു ഉപാധിയാണ് കവിത എന്ന് തോന്നിയിട്ടുണ്ട്. അനുഭവങ്ങളും ഭാവനകളും സ്വപ്നങ്ങളും നഷ്ടബോധങ്ങളും ജീവിതവഴിയിലെ കാഴ്ചകളുമൊക്കെ കൂടി ചേർന്നപ്പോൾ പിറവിയെടുത്ത കുറച്ചു കവിതകളുടെ സമാഹരമാണ് എന്റെ ആദ്യ പുസ്തകമായ 'ചിദാനന്ദം' .
കൈരളി ബുക്സ് പുറത്തിറക്കുന്ന ചിദാനന്ദം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇൗ മാസം 6 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് പ്രകാശനം ചെയ്യും.