ദുബായിൽ ഹരമായി ഇലക്ട്രിക് സ്കൂട്ടർ; 6 മാസത്തിനിടെ ഉപയോഗിക്കുന്നവരുടെ എണ്ണം 2.91 ലക്ഷം ആയി വർധിച്ചു
Mail This Article
ദുബായ് ∙ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ദുബായിൽ വൻ വർധന. 6 മാസത്തിനിടെ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണം 2.91 ലക്ഷം ആയി വർധിച്ചു. മുൻ വർഷത്തെക്കാൾ 27% കൂടുതലാണിതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ദുബായിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നതിന് ആർ.ടി.എയിൽ നിന്ന് പെർമിറ്റ് എടുക്കണം. ഇതുവരെ 63,516 സ്കൂട്ടർ പെർമിറ്റുകൾ നൽകിയതായി ആർടിഎയിലെ ട്രാഫിക് എക്സിക്യൂട്ടീവ് ഡയറക്ടർ ബദർ അൽസീരി അറിയിച്ചു. 2022 ഏപ്രിൽ മുതൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വ്യവസ്ഥകളോടെ ഓൺലൈൻ വഴി പെർമിറ്റ് നൽകുന്നുണ്ട്.
21 മേഖലകളിൽ മാത്രം ഇരുചക്രവാഹനങ്ങൾ ഓടിക്കാം. 390 കി.മീ. ദൈർഘ്യത്തിൽ പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്.എന്നാൽ കുതിരയോട്ട മേഖലയായ മെയ്ദാൻ ട്രാക്കിലും അൽഖദ്റ ട്രാക്കിലും സ്കൂട്ടർ ഓടിക്കുന്നത് വിലക്കി.
ഈ രണ്ട് പാതകളും വ്യായാമത്തിനുള്ള സൈക്കിൾ സവാരിക്കാർക്കായി പരിമിതപ്പെടുത്തി.
സുരക്ഷിതമായി ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ പൊതുജനങ്ങൾക്ക് ബോധവൽക്കരണവും നടത്തിവരുന്നു.
ദുബായ് പൊലീസുമായി സഹകരിച്ചാണ് ബോധവൽക്കരണ ക്യാംപെയിൻ നടത്തിവരുന്നത്. 16 വയസ്സിനു മുകളിലുള്ളവർക്കു മാത്രമേ ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ അനുമതിയുള്ളൂ. 16ൽ താഴെയുള്ളവർ സ്കൂട്ടറുമായി നിരത്തിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.