ചിരപരിചിതമായ ബിംബങ്ങളാൽ തീർത്ത കാവ്യശില്പങ്ങളുമായി 'കാവ്യദലമർമ്മരങ്ങൾ'
Mail This Article
ഷാർജ ∙ യുഎഇയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ കുട്ടനാട് മരിയാപുരം സ്വദേശിയായ റ്റോജോ മോൻ ജോസഫിന്‍റെ ആദ്യ കവിതാസമാഹാരമായ ‘കാവ്യദലമർമരങ്ങൾ’ എന്ന പുസ്തകം ഷാർജ രാജ്യാന്തരപുസ്തകമേളയിൽ ഈ മാസം 6ന് വൈകിട്ട് 3ന് പ്രകാശനം ചെയ്യും. പുസ്തകത്തെക്കുറിച്ച് രചയിതാവ് പറയുന്നു:
സങ്കീർണമായ ജീവിതാവസ്ഥകൾ കൊണ്ട് മരവിച്ചുപോയ മനസ്സിനെ ഭാവനയാകുന്ന കോടാലികൊണ്ടുള്ള വെട്ടിനുറുക്കലാണ് ഓരോ കാവ്യത്തിന്റെ പിറവിയും. ശൈശവം മുതൽ തീക്ഷ്ണമായ യൗവ്വനത്തിന്റെ പ്രവാസകാലവും അതിനപ്പുറവും അബോധമനസ്സിൽ ആവാഹിച്ച കാവ്യബിംബങ്ങളുടെ പരിപാകം വന്ന പൊഴിച്ചിലാണ് റ്റോജോമോന്റെ കവിതകൾ. നവബിംബങ്ങളുടെ ദുർഗ്രാഹ്യതയില്ലാതെ ചിരപരിചിതമായ ബിംബങ്ങളാൽ തീർത്ത കാവ്യശില്പങ്ങളാണ് 'കാവ്യദലമർമ്മരങ്ങൾ' എന്ന കവിതാസമാഹാരത്തിലെ ഓരോ കവിതയും. 37 വർഷക്കാലം ഒന്നുമെഴുതാതെ കഴിഞ്ഞു കവിതയുടെ ഈ നിറകുംഭം. നീണ്ട 37 വർഷങ്ങൾ കവിതയുടെ വാത്മീകത്തിൽ തപസ്സിരുന്ന കവിയുടെ വാത്മീകഭേദനമാണ് 'കാവ്യദലമർമ്മരങ്ങൾ'.