സന്ദർശകർക്ക് സൗകര്യങ്ങളൊരുക്കി ശൈത്യകാലത്തിലേക്ക് ബീച്ചുകൾ
Mail This Article
ദോഹ∙ ശൈത്യം ആസ്വദിക്കാൻ എത്തുന്ന സന്ദർശകരെ വരവേൽക്കാനൊരുങ്ങി ബീച്ചുകൾ. നഗരസഭാ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബീച്ചുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.
പബ്ലിക് ബീച്ചുകൾക്ക് പുറമേ ബാച്ച്ലർമാർ, കുടുംബങ്ങൾ, വനിതകൾ എന്നിവർക്കായി പ്രത്യേകം ബീച്ചുകളും രാജ്യത്തുണ്ട്. എല്ലാ ബീച്ചുകളിലും സന്ദർശകർക്ക് അടിസ്ഥാന സേവനങ്ങളും സൗകര്യങ്ങളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട്. ഫാമിലി, പബ്ലിക് ബീച്ചുകളിൽ ബാർബിക്യൂ ഉൾപ്പെടെ തയാറാക്കാം. ഫുട്‌ബോൾ, വോളിബോൾ എന്നിവയ്ക്കുള്ള കളിസ്ഥലം, വ്യായാമത്തിനുള്ള സൗകര്യങ്ങൾ, ഇരിപ്പിടങ്ങൾ, തണൽ മേൽക്കൂരകൾ, ടോയ്‌ലറ്റുകൾ, നടപ്പാതകൾ എന്നിവയുണ്ട്. ചില ബീച്ചുകളിൽ റസ്റ്ററന്റുകളും കഫേകളുമുണ്ട്.
സന്ദർശകർ ബീച്ചുകളിൽ ശുചിത്വം പാലിച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരും. മാലിന്യം ഇടാനായി എല്ലാ ബീച്ചുകളിലും കണ്ടെയ്‌നറുകൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങൾ കണ്ടെയ്‌നറുകളിൽ നിക്ഷേപിച്ചില്ലെങ്കിലും പിടിവീഴും. ബീച്ചുകളിൽ ബാർബിക്യു ഉണ്ടാക്കുന്നവർ ഗ്രിൽ ഉപയോഗിക്കണം. മണ്ണിൽ കരി നേരിട്ട് കത്തിക്കരുത്. മിച്ചം വരുന്ന കരി മണ്ണിൽ ഉപേക്ഷിക്കാതെ മാലിന്യപ്പെട്ടികളിൽ ഇടണം. ശുചിത്വം ഉറപ്പാക്കാൻ സുരക്ഷാ ജീവനക്കാരുണ്ട്. പൊതുശുചിത്വ നിയമങ്ങൾ ലംഘിച്ചാൽ 10,000 റിയാൽ വരെയാണ് പിഴ.