മലയാളത്തിന്‍റെ മഹാനടന് അക്ഷരസ്നേഹാദരവുമായി നടിമാരടക്കമുള്ള 35 വനിതകൾ
Mail This Article
ഷാർജ∙ നടൻ മമ്മൂട്ടിക്ക് അക്ഷരസ്നേഹാദരവുകളുമായി ചലച്ചിത്ര നടിമാരടക്കം കേരളത്തിൽ നിന്നുള്ള പ്രമുഖരും പ്രവാസ ലോകത്ത് നിന്നുള്ളവരുമായ 35 വനിതകൾ. ഇവർ എഴുതിയ ലേഖനങ്ങളുമായി 'പകർന്നാട്ടങ്ങളുടെ മാന്ത്രികൻ' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ശ്രദ്ധേയമാകുന്നു. റാസൽഖൈമയിൽ അധ്യാപികയായ കോഴിക്കോട് താമരശ്ശേരി സ്വദേശിനി മെഹ്ജബിനാണ് ഈ പുസ്തകം എഡിറ്റ് ചെയ്തത്.
മമ്മൂട്ടി എന്ന നടൻ, വ്യക്തി, പിതാവ്, വല്യേട്ടൻ, മനുഷ്യസ്നേഹി തുടങ്ങിയ തലങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകത്തിൽ നടിമാരായ ഉർവശി, അനുമോൾ, അനു സിത്താര, സരയു മോഹൻ തുടങ്ങിയവരും ഗീതാ ബക്ഷി, തനുജ ഭട്ടതിരി, ഇന്ദുമേനോൻ തുടങ്ങിയ എഴുത്തുകാരികളും അണിനിരക്കുന്നു. പ്രവാസ ലോകത്തെ ശ്രദ്ധേയരായ എഴുത്തുകാരികളും കനത്ത ലേഖനങ്ങളിലൂടെ മമ്മൂട്ടിയെ വിലയിരുത്തുന്നുണ്ട്. ചെറുപ്പകാലം തൊട്ട് മമ്മൂട്ടി എന്ന നടനെ നോക്കിക്കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന താൻ മലയാളത്തിന്‍റെ മഹാനടന് നൽകുന്ന സ്നേഹാദരവാണ് ഈ പുസ്തകമെന്ന് മെഹ്ജബിൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേള ഏഴാം നമ്പർ ഹാളിലെ കൈരളി ബുക് സ്റ്റാളിലാണ് 'പകർന്നാട്ടങ്ങളുടെ മാന്ത്രികൻ' ലഭ്യമാകുക.