ആധുനിക ദുബായിലെ സ്ത്രീജീവിതങ്ങൾ പകർത്തിയ നോവലുമായി ആഷത്ത് മുഹമ്മദ്
Mail This Article
ഷാർജ ∙ ആധുനിക ദുബായിലെ സ്ത്രീജീവിതങ്ങളാണ് തൃശൂർ ചേറ്റുവ സ്വദേശി ആഷത്ത് മുഹമ്മദ് 'അൾജീരിയ സ്ട്രീറ്റ്' എന്ന തന്റെ പുതിയ നോവലിലൂടെ പറയുന്നത്. ദുബായ് നഗരത്തെ അടയാളപ്പെടുത്തി ആധുനിക സ്ത്രീകളുടെ ആനുകാലിക ജീവിതകഥയാണ് പറയാൻ ശ്രമിക്കുന്നതെന്ന് നോവലിസ്റ്റ് പറയുന്നു. ദുബായ് നഗരത്തിലെ മിർദിഫ് അൽ വർഖ പ്രദേശത്തെ റോഡിന്റെ നാമമാണ് അൾജീരിയ സ്ട്രീറ്റ്. എഴുത്തുകാരി പുസ്തകത്തെ പരിചയപ്പെടുത്തുന്നു: എന്റെ മുൻപത്തെ നോവലായ "മശാന സഞ്ചാരിക" യിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ പ്രമേയമാണ് അൾജീരിയ സ്ട്രീറ്റിലേത്. ഓരോ മനുഷ്യരും ശീലങ്ങളുടെ സൃഷ്ടികളാണ്. ചുറ്റുപാടിൽനിന്നാണ് അവൻ ശീലങ്ങളെ സ്വായത്തമാക്കുന്നത്. മനസ്സാണ് മനുഷ്യനെ നയിക്കുന്നത് എന്ന തത്വം ഒരിക്കലും നിഷേധിക്കാനാവാത്ത വാസ്തവമാണ്.
മനസ്സ് ഹൃദയത്തിലാണോ തലച്ചോറിലോ എന്ന തിരച്ചിലുകളും തിരിച്ചറിവുകളുമാണ് ഈ നോവൽ. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മനഃശാസ്‌ത്രമെന്ന ഒഴിച്ചുകൂടാനാവാത്ത വിഷയത്തിലൂടെയാണ് കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരു ദേശം എത്രമാത്രം മനുഷ്യനെ സ്വാധീനിക്കുന്നു എന്നതിനെ രേഖപ്പെടുത്തുകയാണ് .ദുബായ് നഗരത്തിൽ നിന്ന് എത്രത്തോളം നമ്മൾ വിട്ടുനിൽക്കുന്നുവോ, അതിന്റെ പതിന്മടങ്ങായി ഈ നഗരം നമ്മെ തിരിച്ച് വിളിച്ചുകൊണ്ടിരിക്കുമെന്ന സത്യം വെളിപ്പെടുത്തുകയാണ് ഇൗ നോവൽ.