കൊച്ചുകൂട്ടുകാരുമായി കുശലം പറഞ്ഞും സംവദിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്
Mail This Article
അബുദാബി ∙ കൊച്ചുകൂട്ടുകാരുമായി കുശലം പറഞ്ഞും സംവദിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. തിങ്കളാഴ്ച അബുദാബിയിൽ നടന്ന പുതിയ ഫെഡറൽ നാഷനൽ കൗൺസിലിന്റെ ആദ്യ സെഷനിലാണ് എമിറാത്തി ചിൽഡ്രൻസ് പാർലമെന്റ് (ഇസിപി) ലെ കുട്ടികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. കുട്ടികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ പങ്കാളികളാകാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇസിപി സൃഷ്ടിച്ചത്. അതിന്റെ പ്രധാന ലക്ഷ്യം സാമൂഹിക ഉത്തരവാദിത്തങ്ങൾ സജീവമായി നിറവേറ്റാനും വികസനത്തിനും പുരോഗതിക്കും സംഭാവനകൾ നൽകാനും കഴിയുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണെന്ന് വാം റിപോർട്ട് ചെയ്തു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും മാതൃത്വത്തിനും കുട്ടിക്കാലത്തിനുമുള്ള ദേശീയ തന്ത്രം, ചൈൽഡ് പ്രൊട്ടക് ഷൻ നിയമം [വദീമ], കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവൻഷൻ [സിആർസി] എന്നിവയ്ക്ക് അനുസൃതമായി അവർക്ക് എങ്ങനെ സ്വയം പരിരക്ഷിക്കാമെന്നും ഇത് ലക്ഷ്യമിടുന്നു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ്, ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷ്, സുപ്രീം സെക്രട്ടറി ജനറൽ റീം അൽ ഫലാസി എന്നിവരും ഇസിപി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്ത പുതിയ ഫെഡറൽ നാഷനൽ കൗൺസിലിന്റെ ആദ്യ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. 40 അംഗ എമിറാത്തി പാർലമെന്ററി ഗ്രൂപ്പിൽ 20 പേർ കഴിഞ്ഞ മാസം തിരഞ്ഞെടുക്കപ്പെട്ടു, ശേഷിക്കുന്നവരെ ഓരോ എമിറേറ്റിലെയും ഭരണാധികാരികൾ നിയമിച്ചു. കൗൺസിലിലെ അംഗങ്ങളിൽ പകുതിയും സ്ത്രീകളാണ്. അവർ യുഎഇയിലെ ജനസംഖ്യയെ പ്രതിനിധീകരിക്കുന്നു. അബുദാബിയിലും ദുബായിലും എട്ട് അംഗങ്ങളും ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ ആറ് അംഗങ്ങളുമാണ് ഉള്ളത്. അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നാലെണ്ണമുണ്ട്. കൗൺസിലിന്റെ 18-ാം ടേം ആരംഭിച്ചതായി ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ യാത്രയിൽ ഒരു പുതിയ നാഴികക്കല്ല് സ്ഥാപിച്ചു.കൗൺസിൽ സർക്കാരിനെ പിന്തുണയ്ക്കുകയും നയിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരു അതോറിറ്റിയായി. 298 സ്ഥാനാർഥികളിൽ നിന്നാണ് കൗൺസിലിലേക്ക് പുതുതായി അംഗങ്ങളെ തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ അബുദാബിയിൽ– 118. ദുബായിൽ 57, ഷാർജ– 50, അജ്മാൻ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ– 21, 34, 14, 15 എന്നിങ്ങനെയായിരുന്നു അപേക്ഷകർ.