പാശ്ചാത്യ നേതാക്കളുടെ ഇസ്രയേൽ അനുകൂല നിലപാട് തുറന്നെതിർത്ത് ലുൽവ അൽ ഖാദർ
Mail This Article
ദോഹ ∙ പാശ്ചാത്യ രാഷ്ട്രീയ നേതാക്കളുടെ ഇസ്രയേൽ അനുകൂല നിലപാടുകളെ വിമർശിച്ച് ഖത്തർ ഇന്റർനാഷനൽ കോ-ഓപ്പറേഷൻ സഹമന്ത്രി ലുൽവ അൽ ഖാദർ. ഇസ്രയേലിന്റെ നടപടികളോട് അനുകൂലിക്കുന്ന പാശ്ചാത്യ നേതാക്കളോട് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അൽ ഖാദർ തുറന്നടിച്ചത്. 75 വർഷമായി പലസ്തീനിലെ ഇസ്രയേൽ അധിനിവേശത്തോടും ഗാസയിൽ പലസ്തീൻ ജനതയ്ക്ക് നേർക്ക് ഇസ്രയേൽ നടത്തുന്ന അക്രമണങ്ങളോടുമുള്ള പാശ്ചാത്യ നാടുകളിലെ മതേതരവാദികളും ഉൽപതിഷ്ണുക്കളുമായ നേതാക്കളുടെ ധാർമിക നിലപാടുകളെയാണ് ലുൽവ അൽഖാദർ ചോദ്യം ചെയ്തത്.
മതേതരവാദവും പുരോഗമന മൂല്യങ്ങളും ഉപേക്ഷിച്ചെങ്കിൽ അക്കാര്യം പാശ്ചാത്യ വിദ്യാഭ്യാസം നേടിയ, നേതാക്കളിൽ വിശ്വാസമർപ്പിച്ച, പുരോഗമന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വലിയ വില കൊടുക്കേണ്ടി വന്ന ലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ സന്ദേശത്തിലൂടെ നേരിട്ട് അറിയിക്കാനാണ് അൽഖാദർ പോസ്റ്റിലൂടെ ആഹ്വാനം ചെയ്തത്. നേതാക്കൾ കഴിഞ്ഞ 70 വർഷമായി പലസ്തീനുമായി ബന്ധപ്പെട്ട നൂറിൽപരം പ്രമേയങ്ങൾ അവഗണിക്കുകയും ഇസ്രയേലിന് അനുകൂലമായി വോട്ടു ചെയ്യുന്നതിലും യഥാർഥത്തിൽ താൻ ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാക്കിയ അൽ ഖാദർ യുദ്ധം അവസാനിപ്പിക്കാൻ ലോകത്തിലെ ഭൂരിപക്ഷം വോട്ടുകളും നേടുന്നതിൽ പരാജയപ്പെട്ടതിനെയും ചോദ്യം ചെയ്തു. യുദ്ധങ്ങൾ പ്രഖ്യാപിക്കുകയും സ്ത്രീകളെയും കുട്ടികളെയും കൊല്ലാനുള്ള വ്യാജേന വിശുദ്ധ ഗ്രന്ഥങ്ങൾ ഉപയോഗിക്കുന്നതിനെയും മന്ത്രി അപലപിച്ചു.
പൊതുജനങ്ങൾ മാത്രമല്ല മതേതര അറബ്, മുസ്ലീം പ്രബുദ്ധർ, ബുദ്ധിജീവികൾ, അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ എന്നിവർക്കിടയിലും വലിയ മാതൃകാ വ്യതിയാനം സംഭവിച്ചതായും അൽ ഖാദർ ചൂണ്ടിക്കാട്ടി. പടിഞ്ഞാറും മിഡിൽ ഈസ്റ്റും തമ്മിലുള്ള വ്യത്യാസങ്ങളെ മറികടക്കാൻ കഴിയില്ലെന്ന് തോന്നിപ്പിക്കുന്നതാണിതെന്നു അവർ കൂട്ടിച്ചേർത്തു.