യുഎഇ പിറന്ന വര്‍ഷം ജനിച്ചു; ഷമീമിന്റെ പുസ്തകം രാജ്യ വളര്‍ച്ചയെക്കുറിച്ച്

Mail This Article
ഷാര്‍ജ∙ യുഎഇ പിറന്ന 1971 ഡിസംബര്‍ 2ന് ദുബായില്‍ ജനിച്ച മലയാളി ഷമീം യൂസഫ് കളരിക്കല്‍ എഴുതിയത് രാജ്യത്തിന്‍റെ വിജയചരിത്രം. 'വൈ സ്‌കൈ ഈസ് നോട്ട് ദി ലിമിറ്റ്: വിഗ്‌നെറ്റ്‌സ് ഓഫ് എ യുഎഇ എക്‌സ്പാറ്റ് ഹൂ ഷെയേഴ്‌സ് ബര്‍ത് ഡേ വിത് ഹോസ്റ്റ് കണ്‍ട്രി' എന്ന പുസ്തകം രാജ്യം ഒരു യൂണിയനായി രൂപീകരിച്ച ദിവസമായ നവംബര്‍ 5ന് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ (എസ്‌ഐബിഎഫ് 2023) പ്രകാശനം ചെയ്തതും പ്രത്യേകതയായി.

റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ എഴുത്തുകാരന്റെ മാതാവ് സഹീദ യൂസഫിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 'വൈ സ്‌കൈ ഈസ് നോട്ട് ദി ലിമിറ്റ്' എന്ന തലക്കെട്ട് തിരഞ്ഞെടുത്തതിന് ഷമീമിനെ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ അഭിനന്ദിച്ചു.
∙ 1971 ഡിസംബർ 2ന് ജനിച്ചു; യുഎഇയുടെ വളർച്ചയിൽ പങ്കാളിയായി
രാജ്യത്തിന്റെ ജന്മദിനമായ 1971 ഡിസംബര്‍ 2ന് യുഎഇയില്‍ ജനിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് ഷമീം പറഞ്ഞു. മഹാനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യയാന്റെ നേതൃത്വത്തില്‍ യുഎഇ എന്ന പേരില്‍ ഒരു ഏകീകൃത ഫെഡറേഷന്‍ രൂപീകരിക്കാന്‍ ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ ഒന്നിച്ച ദിവസമായിരുന്നു അത്.
50 വര്‍ഷത്തിനുള്ളില്‍ യുഎഇയെ രാജ്യങ്ങളുടെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന ഭരണാധികാരികളുടെ വീക്ഷണത്തിനുള്ള കാടപ്പാടാണീ ഗ്രന്ഥം. പ്രവാസികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവന്ന അത്ഭുതകരമായ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്താനുള്ള തന്റെ എളിയ പരിശ്രമമുണ്ടിതിലെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ വളര്‍ച്ചയുടെ കഥ പ്രവാസികളുടെ വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ കൂടിയാണ് .
ജീവിതം സമ്പന്നമാക്കാന്‍ പരാവധി പ്രയോജനം നേടുന്നതിന് ഈ രാജ്യം നല്‍കുന്ന അവസരങ്ങളെ കുറിച്ച് ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. സന്തോഷകരവും വിജയകരവുമായ ജീവിതം നയിക്കാന്‍ ആതിഥേയ രാജ്യം അവസരങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ തന്റെ സഹപ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനുള്ള യഥാര്‍ത്ഥ ഉദാഹരണങ്ങള്‍ ഉദ്ധരിച്ചിട്ടുമുണ്ട്. ആകാശം ഒന്നിനും പരിധിയല്ലെന്നതാണ് ഏറ്റവും വലിയ പ്രചോദനം. ലിപി പബ്ലികേഷന്‍സാണ് പ്രസാധകര്‍. സീനിയര്‍ ബിസിനസ് ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ഭാസ്‌കര്‍ രാജ് ആണ് ഈ പുസ്തകം എഡിറ്റ് ചെയ്തത്.