കമർബാനുവിന്റെ 'ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ
Mail This Article
ഷാർജ ∙ സൗദിയിൽ പ്രവാസിയായ പാലക്കാട് സ്വദേശിനി കമർ ബാനു വലിയകത്തിൻ്റെ മൂന്നാമത്തെ പുസ്തകം ' ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. പുസ്തകത്തെ എഴുത്തുകാരി പരിചയപ്പെടുത്തുന്നു:
ജീവിതയാത്രയിൽ കണ്ടതും കേട്ടതും അനുഭവിച്ചതും, സ്വപ്നങ്ങളും ഓർമകളുമൊക്കെയാണല്ലോ എഴുത്തുകാരെ സൃഷ്ടിക്കുന്നത്. ക്ഷമയോടെ അർത്ഥം മനസ്സിലാക്കി കവിത ആസ്വദിക്കാനുള്ള കഴിവ് എനിക്കുണ്ടെന്ന് മനസ്സിലാക്കിയ ഏതോ ഒരു നിമിഷത്തിലാണ് ഞാൻ എഴുതിത്തുടങ്ങിയത്. പഠിക്കുന്ന കാലത്ത് കുത്തിക്കുറിച്ചിരുന്നത് പ്രവാസത്തിലെത്തിയപ്പോഴും തുടർന്നു. വീട്ടമ്മ എന്ന റോൾ വിജയകരമായി കൊണ്ടുപോവുന്നതിനിടയിൽ എഴുത്തിനെ പരിപോഷിപ്പിക്കാൻ സമയം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ആദ്യ കാലങ്ങളിൽ എഴുതുന്ന രചനകൾക്ക് ഒരു രാത്രിയുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. പല തവണ വായിച്ച് മിനുക്കിയെടുക്കാൻ ഏകാഗ്രതയും സമയവും കിട്ടാത്തതു കൊണ്ട് തന്നെ പല കുറിപ്പുകളും അപൂർണ്ണമായ ലിസ്റ്റിൽ പെടുത്തുകയായിരുന്നു പതിവ്. എന്റെ മാതാപിതാക്കളും സഹോദരിയും ധാരാളം വായിക്കുന്ന കൂട്ടത്തിലായിരുന്നു. ലാളിത്യവും ചിട്ടയും ജീവിത വ്രതമായെടുത്ത എന്റെ പിതാവിന്റെ ഭാഷാപരിജ്ഞാനവും പദസമ്പത്തും എന്റെ സഹോദരിയുടെ എഴുതാനുള്ള കഴിവും എന്നിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ അവരൊന്നും എഴുത്തിന്റെ മേഖലയിൽ അടയാളപ്പെട്ടില്ല . എന്റെ സംതൃപ്തിക്കുവേണ്ടി മാത്രം കുറിച്ചിരുന്നത് അച്ചടിമഷി പുരളാനും , പ്രോത്സാഹനത്തിന്റെ പോരായ്മ നികത്താനും നിമിത്തമായത് സൗദിയിലെ മലയാളം ന്യൂസ് എഡിറ്റർ മൂസാഫിർ ഏലങ്കുളത്ത് ആണ്. അദ്ദേഹത്തോടുള്ള കടപ്പാട് എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
പ്രവാസത്തിൽ ആദ്യമായി അച്ചടി മഷി പുരണ്ടത് രണ്ടര പതിറ്റാണ്ടു മുമ്പ് 'നീതിബോധം ' എന്ന ലേഖനമാണ്. ജിദ്ദയിലെ കൂട്ടായ്മയായ കലാസാഹിതിയുടെ കാഴ്ച എന്ന പുസ്തകത്തിലായിരുന്നു. റിയാദിലെത്തിയ കാലത്ത് ചെരാത് ഇൻലാൻഡ് മാഗസിനിൽ എഴുതിയിരുന്നു. നൊമ്പരങ്ങളും വ്യഥകളുമായാണ് മിക്ക സൃഷ്ടികളും പിറവിയെടുക്കുന്നത്. മനസ്സിൽ തട്ടുന്ന എന്തോ ഒന്ന് ഉറക്കം കെടുത്തുമ്പോൾ സംഭവിച്ചു പോകുന്ന വിലമതിക്കാനാവാത്ത അക്ഷരഖനി, കവിതയായ് ജന്മം കൊള്ളുന്നതിനു മുമ്പുള്ള പിരിമുറുക്കവും അസ്വസ്ഥതയും പേറ്റുനോവു പോലെ തന്നെയാണനുഭവപ്പെടുന്നത്. അക്ഷരങ്ങൾ വാക്കുകളും വാക്കുകൾ വരികളുമാവുമ്പോൾ ഏറെക്കുറെ ആത്മാംശമാണ് കവിതകളായി പലപ്പോഴും രൂപപ്പെടുന്നത്. അങ്ങനെ ഇരുന്നൂറ്റിയമ്പതിലധികം സൃഷ്ടികൾ എന്റെ വിരൽ തുമ്പിലൂടെ പിറന്നിട്ടുണ്ടെങ്കിലും അതിൽകുറച്ചു മാത്രമേ വെളിച്ചം കണ്ടിട്ടുള്ളൂ. ചിലതെല്ലാം അച്ചടി മാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും വായനക്കാരിലെത്തി. ചില കവിതകൾക്ക് ശബ്ദം നൽകാനും അഭ്യുദയകാംക്ഷികൾ തയാറായി.
പുസ്തകമാക്കുക എന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. അക്ഷര സ്നേഹികളായ ബന്ധുക്കളും സുഹൃത്തുകളും അഭിപ്രായപ്പെട്ടു. എന്റെ പിതാവിന്റെ വിയോഗം എന്നെ തളർത്തിയപ്പോൾ ഒരു അടയാളപ്പെടുത്തൽ വേണമെന്ന് എനിക്കും തോന്നി. 28 കവിതകളാണ് ആദ്യ കവിതാ സമാഹാരമായ ഗുൽമോഹറിതളുകളിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. വിഷയ വൈവിധ്യമാണ് ഇതിന്റെ പ്രത്യേകത. പ്രവാസത്തിലേക്ക് പറിച്ച് നട്ടപ്പോൾ എന്തൊക്കെയോ മറന്നിട്ട് വന്നത് പോലെ . അങ്ങനെ ചിതറിക്കിടക്കുന്ന ഓർമകളെ പെറുക്കിയടുത്തതാണ് ചില രചനകൾ. എഴുതിയ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ രണ്ട് കവിതാ സമാഹാരത്തിലുമുണ്ട്. സാഹിത്യ സൃഷ്ടികളിൽ ഞാനേറെ ഇഷ്ടപ്പെടുന്നത് കവിതയാണ്. കാരണം ഒറ്റവാക്കിൽ പറഞ്ഞാൽ പ്രപഞ്ചത്തിലുള്ള എന്തും ആശയമാക്കാം എന്നത് തന്നെ.
ജീവിതത്തിൽ ആനന്ദം നൽകുന്ന സുന്ദരമായ വികാരം– പ്രണയം . അതിന് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ ഭാഷയുടെയോ മറ്റൊന്നിന്റെയും അതിർവരമ്പുകളില്ല ഉള്ളിലുള്ളത് വിരൽ തുമ്പിലൂടെ പുറത്ത് വരുമ്പോൾ അക്ഷരങ്ങളോടാണ് എന്നും പ്രണയം തോന്നിയിട്ടുള്ളത്.
ആണും പെണ്ണും തമ്മിലുള്ള പ്രണയത്തിലുപരി പ്രപഞ്ചനാഥനോടുള്ള പ്രണയമാണ് പ്രണയഭാഷയിലൂടെ പറഞ്ഞ് വച്ചിരിക്കുന്നത്. ആകാശം, ആഴി, മരം, മഞ്ഞ്, മഴ, പുഴ, പൂവ്, കാറ്റ് , അങ്ങനെയങ്ങനെ ഈ പ്രപഞ്ചത്തിലുള്ള എന്തിനോടും .....
കാലങ്ങളെ അതിജീവിച്ച് സൗരഭ്യം പരത്തിക്കൊണ്ടേയിരിക്കുന്ന കവിതകളുണ്ട്.
കവനരീതികളെ തിരസ്കരിച്ചും കവിതയുടെ സാമ്പ്രദായിക സങ്കൽപങ്ങളെ തകിടം മറിച്ചും എഴുതപ്പെട്ട കവിതകളുമുണ്ട്. അതിലെല്ലാം ഒളിഞ്ഞിരിക്കുന്ന ഒരു പ്രത്യേക സൗന്ദര്യമുണ്ട്.അതു കൊണ്ടു തന്നെ മുമ്പേ നടന്ന എഴുത്തുകാരുടെ ഓരോ വാക്കും ഏറെ വിലപ്പട്ടതായി കാണുന്നു.
ജീവിതാക്ഷരങ്ങൾ എഴുതിയാൽ തീരില്ല. മനസ്സിനെ കീറി മുറിയ്ക്കുന്ന ചിന്തകൾ കുമിഞ്ഞുകൂടുമ്പോൾ കുറച്ചെങ്കിലും പുറന്തള്ളേണ്ടിവരുന്നു. പുതിയ മേച്ചിൽ പുറങ്ങൾ തേടി ജീവിതം കരുപ്പിടിപ്പിക്കാനായി പ്രയാണം തുടരുമ്പോൾ ഗൃഹാതുരത്വം വലിഞ്ഞു മുറുകുന്ന മനസ്സ് പച്ചപ്പു തേടുന്നു . സ്വപ്ന സഞ്ചാരത്തിലൂടെ തേടിയടുത്തെത്തുമ്പോൾ ചിലപ്പോൾ ഉണ്ടായിരുന്ന പച്ചപ്പുകൾ കൂടി വരണ്ടുണങ്ങുന്നു. ആശയങ്ങൾ ഉരുത്തിരിയുമ്പോൾ ഏകാഗ്രത കിട്ടാൻ ആഗ്രഹിക്കുന്ന മനസ്സ് പോയ കാലത്തിലേയ്ക്ക് യാത്ര പോവും. ബാല്യം, ഓർമകൾ, പെണ്ണ് , പ്രകൃതി, പ്രണയം, വേദന , വിരഹം , മരണം, കാലികം , ഭക്തി തുടങ്ങിയ വിഷയങ്ങളിലൂടെ കടന്ന് പോവുന്ന അക്ഷര പ്രണയം 'പ്രണയഭാഷ' യിലൂടെ ജന്മം കൊണ്ട 33 കവിതകളാണ് രണ്ടാമത്തെ സമാഹാരം.
ആദ്യമായും രണ്ടാമതായും കവിതാസമാഹാരം പുറത്തിറങ്ങിയപ്പോൾ പത്ര മാധ്യമങ്ങളിൽ വന്ന എന്റെ കഥകൾ വായിച്ച സഹൃദയരായ അഭ്യുദയകാംക്ഷികൾ ചോദിച്ചു. "ടീച്ചറെന്താ കഥാസമാഹാരം ചെയ്യാത്തത് "എന്ന്. കഥകൾ ധാരാളം എഴുതിയിട്ടുണ്ട്. ചിലതൊക്കെ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാൽ അതെല്ലാം പുസ്തകമാക്കാൻ പറ്റിയ നിലവാരം ഉള്ളതാണോ എന്ന് എനിക്ക് തന്നെ അംഗീകരിക്കാനായിട്ടില്ല എന്ന് ഞാൻ പറയാറുണ്ടായിരുന്നു.
പിന്നീട് ആലോചിച്ചപ്പോൾ തോന്നി , എന്റെ വിരൽ തുമ്പിലൂടെ പിറവിയെടുക്കുന്ന ഓരോ രചനയും എന്റെ കുഞ്ഞുങ്ങൾ തന്നെ. നിലവാരം നോക്കിയല്ല കുഞ്ഞിനെ അംഗീകരിക്കേണ്ടത്.
ഓർമകളും സ്വപ്നങ്ങളും പ്രതീക്ഷകളും കണ്ടതും കേട്ടതും എല്ലാമെല്ലാം ചില നേരത്ത് യാഥാർത്ഥ്യങ്ങളെ ഭേദിച്ച് ആർത്തിരമ്പുന്ന സാഗരംപോലെ വരും. ചില നേരത്തത് നിർത്താതെ പെയ്യുന്ന പേമാരി പോലെ മനസ്സിൽ പെയ്ത് കൊണ്ടേയിരിക്കും, പിന്നീടത് പ്രളയമായി ചിലത് ഉരുൾ പൊട്ടലായി ഇല്ലാതാവും ..... മഞ്ഞു പോലെ നനുത്ത മഴയായ് പെയ്ത് തോർന്ന് ചിലത് കുളിർ കോരും. ചിലത് കൊടുങ്കാറ്റ് പോലെ ആർത്തിരമ്പിയും ചിലത് ഇളം തെന്നലായി തഴുകിയും തലോടിയും കടന്നു പോവും. രാത്രിയുടെ ഏകാന്തതയിൽ അവയെല്ലാം ഹൃദയസരസ്സിൽ മന്ദംമന്ദമായ് ഒഴുകിയെത്തും. അങ്ങനെ വിരൽ തുമ്പിലൂടെ അക്ഷരങ്ങൾ വാക്കുകളായി വരികകളായി എന്റെ പ്രഥമ കഥാസമാഹാരം പിറവിയെടുക്കുകയായി. ജീവിതമാകുന്ന ഇന്റർവ്യൂവിൽ വിജയിച്ച ബഷീറും സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ സ്വയം കരുത്താർജിച്ച സുഹ്റയും സർവചരാചരങ്ങളും നിശ്ചലമായ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉറക്കമിളച്ച് തൂലിക ചലിപ്പിച്ച് കൊണ്ടിരിക്കുന്ന ചന്ദ്രികയും. 'ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും '– 12 കഥകൾ അടങ്ങിയ ഈ പുസ്തകത്തിലെ ചിത്രങ്ങൾ വരച്ചത് ഡോ. ഹസ്ന അബ്ദുൽ സലാം, ഡോ. ഹനാൻ അബ്ദുൽ സലാം നദീൻ ഷാ ഹമീദ്, കെ.എസ്. ഭാവന, ഹാഷിം ഹംസ എന്നിവർ.
ജീവിതം തന്നെ ഒരു കഥയാണ് , പരീക്ഷയാണ്. ഓരോരുത്തർക്കും പറയാനുള്ളത് വ്യത്യസ്ഥ കഥകളായിരിക്കും. പരീക്ഷയെഴുതുന്നവരുടെ കൈയ്യിൽ ഒരേ ചോദ്യ പേപ്പർ കൊടുത്താൽ ഏകദേശം ഒരേ ഉത്തരമായിരിക്കും. അത് കൊണ്ടാണ് സർവശക്തൻ ഓരോരുത്തരുടെയും കയ്യിൽ വ്യത്യസ്ഥ ചോദ്യപേപ്പർ കൊടുത്ത് വിട്ടിരിക്കുന്നത്. കഥാതന്തു വേണം. ജീവിത ഗന്ധിയാവണം, എന്തെങ്കിലും ഒരു സന്ദേശം ഉണ്ടാവണം, ഒരുപാട് നീട്ടി പറഞ്ഞ് അനുവാചകരെ മുഷിപ്പിക്കരുത് , ഇത്രയുമൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. (മൂന്നു പുസ്തകങ്ങളും ഹരിതം ബുക്ക്സ് ന്റെ NO 7, ZD 3 സ്റ്റാളുകളിൽ ലഭ്യമാണ്)