ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലേക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേക്കും (വനിതകള്‍)  നോര്‍ക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേക്ക് നവംബറിലും കാനഡയിലേക്ക് ഡിസംബറിലുമാണ് റിക്രൂട്ട്മെന്റ്. 

ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡോർ : റിക്രൂട്ട്മെന്റ് 26 മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയില്‍

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയിലാണ് അഭിമുഖങ്ങള്‍ നടക്കുക. 2015 ന് ശേഷം നേടിയ ബിഎസ്‌സി നഴ്സിങ്  ബിരുദവും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ഉളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കാനഡയില്‍ നഴ്സ് ആയി ജോലി നേടാന്‍  NCLEX പരീക്ഷ വിജയിക്കണം. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ശമ്പളം മണിക്കൂറില്‍ 33.64-41.65 കനേഡിയന്‍ ഡോളര്‍  ലഭിക്കുന്നതാണ്. ( ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യന്‍ രൂപ)

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സിവി (നോര്‍ക്കയുടെ വെബ്സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയാറാക്കേണ്ടതാണ്. ഇതില്‍ രണ്ട് പ്രൊഫഷനല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉള്ളതോ). വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്സിങ് റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാദമിക് ട്രാന്‍സ്ക്രിപ്റ്റ്, പാസ്പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍,  എന്നിവ സഹിതം newfound.norka@kerala.gov.in എന്ന ഇ-മെയിലിലേക്ക് നവംബർ 16 ന് മുൻപ് അപേക്ഷ നല്‍കണം. 

സൗദി റിക്രൂട്ട്മെന്റ്: അഭിമുഖം നവംബര്‍ 26 മുതൽ 28 വരെ 

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് കേരളത്തില്‍ നിന്നുളള വനിതാ നഴ്സുമാര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നു . ഇതിനായുളള അഭിമുഖം 26 മുതല്‍ 28 വരെ കൊച്ചിയിൽ നടക്കും. എമർജൻസി റൂം , ജനറൽ ഡിപ്പാര്‍ട്മെന്റ്, ഐസിയും, മിഡ്‌വൈഫ്, പീഡിയാട്രിക് ഐസിയു എന്നീ സ്പെഷ്യാലിറ്റികളിലേക്കാണ് (വനിതാ നഴ്സുമാര്‍ക്ക്) അവസരം. നഴ്സിങില്‍ ബിരുദമോ/പിബിബിഎസ് യോഗ്യതയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം.  എല്ലാ ഉദ്യോഗാർഥികളും ഇന്റർവ്യൂ സമയത്ത് സാധുവായ പാസ്പോർട്ട് ഹാജരാക്കണം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ  rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ‍ഡിയിലേക്ക് നവംബർ 16 നകം അപേക്ഷിക്കാവുന്നതാണ്. 

സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്‌‍‍ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാർഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

English Summary:

Opportunities for nurses in Canada and Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com