ADVERTISEMENT

ഷാർജ ∙ യുഎഇയിൽ 43 വർഷം പ്രവാസി. ഷാർജ രാജ്യാന്തര പുസ്തകമേളയിലെ സ്ഥിരം സന്ദർശകയായി മുപ്പത് വർഷത്തിലേറെ. എന്നിട്ടും കവയിത്രി ബീവു കൊടുങ്ങല്ലൂരിന്റെ  ആദ്യപുസ്തകം പുറത്തിറങ്ങിയത് ഈ വർഷം. കവിതാസമാഹാരമായ റെഡ് അലെർട്ട് പ്രമേയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.

സമൂഹ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതി പ്രവാസലോകത്ത് നേരത്തെ തന്നെ ശ്രദ്ധേയയാണ് ബീവു കൊടുങ്ങല്ലൂർ എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന ഖദീജാബി. വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹം ഇത്തവണ സഫലീകരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ അറുപത്തഞ്ചുകാരി. ലേഖനമെഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് കവിതാ സമാഹാരം ഇറങ്ങാൻ ഇത്രയും താമസം ഉണ്ടായതെന്ന് അവർ മനോരമ ഓൺലൈനിനോട് പറഞ്ഞു. തുടക്കകാലം മുതൽക്കുതന്നെ പുസ്തകമേളയിൽ സജീവമാണ്. ആ കാലത്തേിനേക്കാൾ ജനപങ്കാളിത്തമേറി. പ്രസാധകരുടെ എണ്ണവും നല്ല പുസ്തകങ്ങളുടെ പിറവിയും വളരെയധികം വർധിച്ചു. ഇത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് അവർ പറഞ്ഞു. 

54 ഹൈക്കു കവിതകളുടെ സമാഹാരമാണ് റെഡ് അലെർട്ട്. സമകാലിക സംഭവങ്ങളാണ് ബീവുവിന്റെ ഒട്ടുമിക്ക കവിതകൾക്കും വിഷയമായിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രവാസ ജീവിതം ആരംഭിച്ചതിന് ശേഷമാണ് തന്റെ എഴുത്ത് ജീവിതം കൂടുതൽ സജീവമായതെന്ന് ഈ വർഷത്തെ പുസ്തകമേളയിൽ സജീവ സാന്നിധ്യമായ അവർ പറഞ്ഞു. കുടുംബ സമേതം ഉമ്മുൽഖുവൈനിലാണ് താമസം. കൈരളി ബുക്സാണ് കവിതാ സമാഹരത്തിന്റെ പ്രസാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com