മിയയിൽ കാണാം; ഇസ്ഫഹാന്റെ ചരിത്രം പറയുന്ന അപൂർവ പുസ്തകം
Mail This Article
ദോഹ ∙ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിൽ (മിയ) ചെന്നാൽ ഇറാനിലെ പ്രശസ്ത നഗരമായ ഇസ്ഫഹാന്റെ ചരിത്രം പറയുന്ന അപൂർവ പുസ്തകം 'വെൽകം ടു ഇസ്ഫഹാൻ' കാണാം. സഫാവിദ് സാമ്രാജ്യ കാലത്തെ ഇസ്ഫഹാന്റെ സമ്പന്നമായ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇറാനിലെ മൂന്നാമത്തെ വലിയ നഗരമാണിത്.
ഇറാന്റെ പൈതൃകം, സംസ്‌കാരം, ഇസ്ഫഹന്റെ നഗരത്തിൽ ആർക്കിടെക്ചർ അത്ഭുതം, കലാ, ശാസ്ത്രീയ നേട്ടങ്ങൾ, രുചിവൈവിധ്യങ്ങൾ തുടങ്ങിയതെല്ലാം ഇതിലുണ്ട്. പ്രദർശനത്തിന്റെ കേന്ദ്ര ബിന്ദുക്കളിലൊന്ന് ഇസ്ഫഹാന്റെ ചരിത്രത്തിലെ സുപ്രധാന ഭരണാധികാരിയായ ഷാ അബ്ബാസ് ഒന്നാമനെ സന്ദർശകർക്കായി പരിചയപ്പെടുത്തുന്ന 'മീറ്റ് ദ് ഷാ' ആണ്. 1597-1598 കാലത്താണ് ഷാ അബ്ബാസ് ഒന്നാമൻ തന്റെ ഭരണ തലസ്ഥാനം ഇസ്ഫഹാനിലേക്ക് മാറ്റുന്നത്. പുതിയ സാമ്പത്തിക, രാഷ്ട്രീയ കലാപരമായ കേന്ദ്രമാക്കി വിസ്മയ നഗരമാക്കി ഇസ്ഫഹാനെ മാറ്റിയത് അദ്ദേഹമാണ്.
ലോകത്തിന്റെ പകുതിയോളം സൗന്ദര്യം ഈ നഗരത്തിനുണ്ടെന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത് എന്നതിനാൽ ലോകത്തിന്റെ പകുതി എന്നാണ് ഇസ്ഫഹാൻ നഗരം അറിയപ്പെടുന്നത്. കരോളിൻ സിങ്ങർ എഴുതിയ പുസ്തകമാണ് മിയയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അപൂർവ പുസ്തകങ്ങളുടെ കൂട്ടത്തിൽ ജോർജസ് പെറോറ്റ് എഴുതി 1892 ൽ പ്രസിദ്ധീകരിച്ച പേർഷ്യയിലെ കലയുടെ ചരിത്രം എന്ന പുസ്തകവും പ്രദർശിപ്പിച്ചിട്ടുണ്ട്.