ADVERTISEMENT

ദുബായ് ∙ ആഗോള വ്യോമയാന മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന ദുബായ് എയർ ഷോയ്ക്ക് ഇന്നു തുടക്കം. വികസനത്തിന്റെ പുത്തൻ ചക്രവാളത്തിലേക്കു കുതിക്കുന്ന വ്യോമയാന മേഖലയ്ക്ക്, പ്രതീക്ഷ പകരുന്ന എയർ ഷോയിൽ കോടികളുടെ ഇടപാടുകളാണ് പ്രതീക്ഷിക്കുന്നത്. ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന പ്രദർശനത്തിൽ 95 രാജ്യങ്ങളിൽ നിന്നുള്ള 1,400 പ്രദർശകരും അണിനിരക്കും.

കുറഞ്ഞത് 300 മുതൽ 400 വരെ വിമാനങ്ങൾക്ക് ഓർഡർ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മുൻ വർഷത്തെ 7400 കോടി ഡോളറിന്റെ ഇടപാട് മറികടക്കുമെന്നും സൂചിപ്പിച്ചു. ആഗോള വ്യോമയാന മേഖലയുടെ വളർച്ചയും വികാസവും ദുബായിയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും ഏറ്റവും പ്രധാനപ്പെട്ട ആഗോള നിക്ഷേപ അവസരങ്ങളുടെ ഒത്തുചേരൽ സ്ഥലമായി യുഎഇ നിലനിൽക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

വ്യോമഗതാഗതം, പ്രതിരോധം, ബഹിരാകാശം എന്നിവയിൽ ലോകത്തിലെ  പ്രധാന പ്രദർശനങ്ങളിൽ ഒന്നാണ് ദുബായ് എയർ ഷോ. ഈ മേഖലകളുടെ ഭാവി നിർണയിക്കുന്ന മേളയിൽ ഏറ്റവും പുതിയ ഉൽപന്നങ്ങളും സേവനങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. 1986ലാണ് ആദ്യ എയർ ഷോ നടത്തിയത്. ‘ദ് ഫ്യൂച്ചർ ഓഫ് ദി എയ്‌റോസ്‌പേസ് ഇൻഡസ്ട്രി’ എന്ന പ്രമേയത്തിൽ 17 വരെ നീളുന്ന പ്രദർശനത്തിൽ നവീന സൗകര്യമുള്ള പുതിയ വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് പ്രദർശിപ്പിക്കുന്നത്. 

ലോകത്തിലെ ആദ്യ പ്രീമിയം ലീഷർ എയർലൈനായ ബിയോണ്ട് അത്യാധുനിക എയർബസ് എ319മായാണ് എത്തിയത്. ഇ– വിമാനങ്ങൾ, ഡ്രോൺ തുടങ്ങിയവരുടെ വൻ നിരയുമുണ്ട്. വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് സൗകര്യമുള്ളവ ഉൾപ്പെടെ വാണിജ്യ, സ്വകാര്യ ശേഖരത്തിലെ 180 വിമാനങ്ങളാണ് മറ്റൊരു സവിശേഷത. ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയ്ക്കൊപ്പം അത്യാഡംബര വിമാനങ്ങളും പ്രദർശിപ്പിക്കും.

എമിറേറ്റ്‌സ് മിഷൻ ടു ദി ആസ്റ്ററോയ്ഡ് ബെൽറ്റ്, പ്ലാനറ്റ് എക്‌സ് ചാലഞ്ച്, സ്‌പേസ് ഇക്കണോമിക് സോൺ പ്രോഗ്രാം എന്നിവ ഉൾപ്പെടെ നവീന പദ്ധതികളുമായി യുഎഇ സ്‌പേസ് ഏജൻസിയുടെ സാന്നിധ്യവുമുണ്ട്. പ്രദർശനത്തിന് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. എന്നാൽ ദിവസേന ഉച്ചയ്ക്ക് 2ന് നടക്കുന്ന എയർ ഷോ കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ഇന്ത്യയുടെ സാരംഗ്, യുഎഇയുടെ ഫുർസാൻ അൽ ഇമറാത്ത് എന്നിവയ്ക്കു പുറമേ ഇറ്റലി, ചൈന എന്നീ രാജ്യങ്ങളുടെ വ്യോമസേനാ വിമാനങ്ങളും എയ്റോബാറ്റിക് ടീമുകളും വ്യോമാഭ്യാസ പ്രകടനത്തിൽ പങ്കെടുക്കും.

ഷട്ടിൽ സർവീസ് 
ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് രാവിലെ 11 മുതൽ വൈകിട്ട് 7 വരെ ഷട്ടിൽ സർവീസുണ്ടാകും. പൊതുജനങ്ങളെ എയർ ഷോ കാണാവുന്ന ഗ്രാൻഡ് സ്റ്റാൻഡിൽ ഇറക്കും. ആദ്യം എത്തുന്നവർക്കാണ് പ്രവേശനം. 16 വയസ്സിനു താഴെയുള്ള കുട്ടികളോടൊപ്പം രക്ഷിതാക്കൾ ഉണ്ടായിരിക്കണം.

English Summary:

18th edition of Dubai Airshow is set to kick off today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com