ജീവന് തുല്യം സ്നേഹിക്കുന്ന 'നിഷി'നായി ജയന്റെ പോരാട്ടം; അർബുദ ചികിത്സയ്ക്കിടെ കടയുടമയ്ക്കെതിരെ നിയമപോരാട്ടത്തിന് പ്രവാസി മലയാളി
Mail This Article
ദുബായ്∙ ‘‘സ്വന്തം ജീവൻ പോലെ തന്നെ എനിക്ക് പ്രിയപ്പെട്ടതാണ് നിഷ്. അവളെ പിരിഞ്ഞുള്ള ഒരു ജീവിതം എനിക്ക് ആലോചിക്കാനേ വയ്യ’’– ദുബായിൽ പ്രവാസിയായ, അർബുദ രോഗി കൂടിയായ തൃശൂർ പുന്നയൂർക്കുളം സ്വദേശി ജയൻ കല്ലൂരി(57)ന്‍റെ വാക്കുകളാണിത്. ഇദ്ദേഹത്തിന്‍റെ അഞ്ചു വയസുള്ള വളർത്തു പൂച്ചയാണ് നിഷ്. ദുബായിലെ ഒരു പെറ്റ് ഗ്രൂമിങ് കടയിൽ നിഷിനെ ഏൽപിച്ച് നാട്ടിലേക്ക് ചികിത്സയ്ക്കായി ചെന്ന് തിരിച്ചെത്തിയപ്പോൾ കടക്കാരൻ പൂച്ചയെ തിരിച്ചു തരാൻ തയ്യാറാകാത്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ ഇദ്ദേഹം കടയുടമയ്ക്കെതിരെ പൊലീസിനെ സമീപിക്കാനുള്ള തീരുമാനത്തിലാണ്.
∙ മൃഗസ്നേഹികളുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ
യുഎഇയിലെയും ലോകത്തെയും മൃഗസ്നേഹികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജയൻ. കഴിഞ്ഞ 27 വർഷമായി ദുബായ് മീഡിയാ സിറ്റി കേന്ദ്രീകരിച്ച് പരസ്യം, പ്രിന്‍റിങ് ജോലികൾ നടത്തിവരികയായിരുന്നു ജയന്‍. ഭാര്യയും 3 പെൺമക്കളും നാട്ടിലാണ്. ഇതിനിടെയാണ് ഇദ്ദേഹത്തെ രോഗങ്ങൾ ആക്രമിക്കാൻ തുടങ്ങിയത്. 2021ൽ രണ്ട് വൃക്കകളും തകരാറായി. നാല് മാസത്തോളം ചികിത്സ നടത്തി, തുടർന്ന് അസുഖം ഭേദമായി തിരിച്ചുവന്നു. പിന്നീട് 7 മാസം പിന്നിട്ടപ്പോഴാണ് രക്താർബുദം ബാധിച്ചതായി തിരിച്ചറിഞ്ഞത്. രോഗാവസ്ഥ രണ്ടാം ഘട്ടത്തിലായിരുന്നു. പിന്നീട് ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പക്ഷേ, തന്‍റെ ഏകാന്ത ജീവിതത്തിൽ കൂട്ടായ, ജീവനു തുല്യം സ്നേഹിക്കുന്ന വളർത്തു പൂച്ചയെ ഉപേക്ഷിക്കാാൻ തയ്യാറായില്ല.
ഒരു ദിവസം രോഗം പൂർണമായും മാറി തിരികെ വരുമെന്നും അപ്പോൾ വീണ്ടും നിഷിനൊപ്പം കഴിയാം എന്നുമുള്ള ശുഭപ്തിവിശ്വാസം ഉള്ളതിനാൽ പൂച്ചയെ അതുവരെ സംരക്ഷിക്കാൻ അജ്മാനിലെ സുഹൃത്തിനെ ഏൽപിച്ചു. മൂന്നു മാസത്തോളം അവർ നിഷിനെ പരിപാലിച്ചു. തുടർന്ന് ഷാർജയിലെ ഒരു ഫിലിപ്പീനി സ്ത്രീയായിരുന്നു നിഷിന് കൂട്ട്. ദിവസവും 35 ദിർഹമായിരുന്നു ഫീസ്. യുഎഇയിൽ ലഭ്യമായ ആഹാരം കഴിക്കാത്തതിനാൽ യുഎസിൽ നിന്നായിരുന്നു പൂച്ചയ്ക്ക് ഭക്ഷണമെത്തിച്ചിരുന്നത്. 5 മാസത്തോളം നിഷ് അവിടെ കഴിഞ്ഞു.
ആ സമയത്ത് പൂച്ചയുടെ ചെവിയിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് സംരക്ഷണം മറ്റാരെയെങ്കിലും ഏൽപിക്കാൻ തീരുമാനിച്ചത്. ചികിത്സയ്ക്കിടെ തിരിച്ചുവന്ന ജയൻ ഈ വർഷം ഓഗസ്റ്റ് ആറിന് വളർത്തുമൃഗങ്ങള്‍ക്കുള്ള അവശ്യ വസ്തുക്കൾ വിൽക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന, തനിക്ക് നേരത്തെ പരിചയമുള്ള കടയുടമയുമായി വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടു. അദ്ദേഹം അപ്പോൾ സ്വന്തം നാടായ ഈജിപ്തിലായിരുന്നു. രണ്ട് മാസത്തിന് ശേഷം ദുബായിലേയ്ക്ക് മടങ്ങുമെന്നും കടയിലുള്ള സ്ത്രീയെ വിളിച്ച് പൂച്ചയെ അവിടെ എത്തിച്ചോളൂ എന്നും പറഞ്ഞു. ഗ്രൂമിങ്ങിന് ശേഷം പൂച്ചയെ ജയൻ താമസിക്കുന്ന കെട്ടിടത്തിലേയ്ക്ക് കൊണ്ടുവരാമെന്ന് കടക്കാരി അറിയിച്ചു. അന്ന് ചൂടുള്ള കാലാവസ്ഥ ആയതിനാലാണ് താനത് സമ്മതിച്ചതെന്ന് ജയൻ പറയുന്നു. ഇതിന് ശേഷം പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനാൽ നിഷിനെ ജയൻ കണ്ടിട്ടില്ല.
നാട്ടിൽ നിന്ന് എല്ലാ ദിവസവും വാട്ട്‌സ്ആപ്പ് സന്ദേശം വഴി നിഷിന്‍റെ ക്ഷേമം തിരക്കുമായിരുന്നു. പക്ഷേ, പൂച്ചയുടെ ഏറ്റവും പുതിയ ഫൊട്ടോ അയയ്‌ക്കാൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ആ സ്ത്രീയിൽ നിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്ന് ജയൻ ആരോപിക്കുന്നു. എന്നാൽ എല്ലാ മാസവും താമസത്തിന്റെയും ഭക്ഷണത്തിന്റെയും ഗ്രൂം ചെയ്യുന്നതിന്റെയും ഫീസ് കൃത്യമായി അവർ വാങ്ങിക്കുകയും ചെയ്തു. ഏകദേശം 1,350 ദിർഹം ഒരുമാസം ഇതിനായി വാങ്ങിയിരുന്നു. എന്നാൽ ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുകയും സന്ദേശങ്ങൾക്ക് മറുപടി തരാതിരിക്കുന്നതും തുടർന്നു. പിന്നീട് ആ സ്ത്രീയുടെ ഒരു വിവരവും ലഭിച്ചില്ലെന്നും ജയൻ പറഞ്ഞു. താമസിയാതെ ജയൻ ദുബായിൽ തിരിച്ചെത്തി.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം അവരെ വീണ്ടും വിളിക്കുകയും വാട്സാപ്പിൽ സന്ദേശമയക്കുകയും ചെയ്തു. ഇതിന് പ്രതികരണം ലഭിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോൾ മറുപടി നൽകി. കഴിഞ്ഞ ചൊവ്വാഴ്ച പൂച്ചയെ ദുബായിൽ കൊണ്ട് വരാം എന്ന് വാക്കു നൽകിയെങ്കിലും പാലിച്ചില്ല. പിറ്റേന്ന് കൊണ്ടുവരാമെന്നായിരുന്നു തുടര്‍ന്നുള്ള മറുപടി. വാക്കു പാലിക്കാത്തതിനെ തുടർന്ന് കടയിൽ നേരിട്ട് ചെന്നപ്പോൾ അതു പൂട്ടിയിട്ടിരിക്കുകയായിരുന്നു.
∙ രോഗാവസ്ഥയിലും പരാതി നൽകാൻ ദുബായിൽ
കീമോ തെറാപ്പി ചെയ്യാനുള്ളതിനാൽ ഈ മാസം 14-ന് ജയൻ വീണ്ടും നാട്ടിലേക്ക് തിരിക്കും. പൊലീസിൽ പരാതി നൽകാൻ വേണ്ടി മാത്രമാണ് രോഗവസ്ഥയിലും ദുബായിൽ വന്നതെന്ന് ജയൻ പറയുന്നു. അഭിഭാഷകന്‍റെ മാർഗനിർദേശമനുസരിച്ചാണ് പരാതി നൽകുക. പരാതിക്കൊപ്പം നൽകാനുള്ള വാട്സാപ്പ് ചാറ്റ്, ശബ്ദസന്ദേശങ്ങളടക്കം എല്ലാ തെളിവുകളും കൈവശമുണ്ട്. തനിക്ക് ഉണ്ടായിട്ടുള്ള മാനസിക പ്രശ്നങ്ങളും സമ്മർദ്ദങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഈ കട കാരണം ഉണ്ടായിട്ടുള്ളതാണെന്നും നഷ്ടപരിഹാരം ലഭിക്കുകയും തന്‍റെ പൂച്ചയെ സുരക്ഷിതമായി തിരിച്ചുകിട്ടുകയും വേണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. ഇതിന് മൃഗസ്നേഹികളുടെ പിന്തുണയും ജയൻ പ്രതീക്ഷിക്കുന്നു.