അക്ഷരോത്സവത്തിന് കൊടിയിറങ്ങി
Mail This Article
ഷാർജ ∙ വായനക്കാർക്ക് വിജ്ഞാന വിരുന്നൊരുക്കി ഷാർജ രാജ്യാന്തര പുസ്തകമേള സമാപിച്ചു. മേളയിലേക്കു ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. സമാപനദിവസവും വൻ തിരക്ക് അനുഭവപ്പെട്ടു.
12 ദിവസം നീണ്ട പുസ്തകമേളയിൽ കോടികളുടെ പുസ്തകങ്ങൾ വിറ്റഴിഞ്ഞു. സ്കൂൾ ലൈബ്രറികളിലേക്കു പുസ്തകം വാങ്ങാനായി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചതും പ്രസാധകർക്ക് ഗുണം ചെയ്തു. കൂടാതെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും വൻതോതിൽ പുസ്തകങ്ങൾ വാങ്ങിക്കൂട്ടി. ഒട്ടേറെ പുതിയ എഴുത്തുകാരെ സൃഷ്ടിച്ച ഷാർജ പുസ്തകമേളയിൽ മലയാളികളുടേത് മാത്രമായി 550 പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില പ്രമുഖരുമായുള്ള സംവാദവും മേളയെ സമ്പന്നമാക്കി. സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബർഖ ദത്ത്, നീനാ ഗുപ്ത, നിഹാരിക, കരീന കപൂർ, കജോൾ ദേവ്ഗൺ, അജയ് പി.മങ്ങാട്ട്, യാസ്മിൻ കറാച്ചിവാല, അങ്കുർ വാരികൂ, മുരളി തുമ്മാരുകുടി, മുൻ സംസ്ഥാന ജയിൽ മേധാവി ഋഷിരാജ് സിങ്, മുൻ മന്ത്രി കെ.ടി. ജലീൽ, നടന്മാരായ ജോയ് മാത്യു, ഇർഷാദ്, എം.എ. നിഷാദ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. 108 രാജ്യങ്ങളിൽ നിന്നുള്ള 2033 പ്രസാധകർ പങ്കെടുത്ത മേളയിൽ 15 ലക്ഷത്തിലധികം ശീർഷകങ്ങളിലുള്ള പുസ്തകങ്ങളാണ് വാനയക്കാർക്ക് വിജ്ഞാനം പകർന്നത്.