പ്രാദേശിക കന്നുകാലി ചന്ത ഉടൻ: നടപടികൾ വേഗത്തിലാക്കി
Mail This Article
ദോഹ ∙ പ്രാദേശിക കന്നുകാലി വിൽപനയ്ക്കായി പുതിയ മാർക്കറ്റ് ആരംഭിക്കാനുള്ള നടപടികൾ പുരോഗതിയിൽ. നഗരസഭ മന്ത്രാലയത്തിലെ ലൈവ്‌സ്‌റ്റോക്ക് അഫയേഴ്‌സ് വകുപ്പിന്റെ കീഴിലാണ് പ്രാദേശിക ഫാമുകളിൽ നിന്നുള്ള കന്നുകാലികളെ വിൽക്കുന്നതിനു മാത്രമായി പുതിയ ചന്ത തുടങ്ങുന്നത്.
ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് കന്നുകാലികളെ വിൽക്കാനുള്ള വിപണന വേദി ഒരുക്കുകയാണ് ലക്ഷ്യമെന്ന് ലൈവ്‌സ്റ്റോക്ക് അഫയേഴ്‌സ് വകുപ്പ് ഡയറക്ടർ എൻ. ജി. അബ്ദുല്ലസീസ് അൽ സിയാറ വ്യക്തമാക്കി.
പ്രാദേശിക കന്നുകാലി ചന്ത ഉൾപ്പെടെ രാജ്യത്തിന്റെ കന്നുകാലി ഉൽപാദന മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. രാജ്യത്ത് നിലവിൽ 13 ലക്ഷത്തോളം കന്നുകാലികളാണുള്ളത്. ഇവയിൽ കൂടുതലും ആടുകളും ചെമ്മരിയാടുകളുമാണ്. 1,40,000 പശുക്കളും 1,00,000 ഒട്ടകങ്ങളുമാണുള്ളത്. വാണിജ്യാവശ്യത്തിനായി കൂടുതൽ കന്നുകാലികളെ ഉൽപാദിപ്പിക്കുന്നതിന് വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രവർത്തനം. അൽ ഷമാൽ, അബു നഖ്‌ല എന്നിവിടങ്ങളിൽ 2 പുതിയ വെറ്ററിനറി ക്ലിനിക്കുകൾ കൂടി തുറക്കാനുള്ള നടപടികളും പുരോഗതിയിലാണ്.