ദുബായ് എയർഷോയ്ക്ക് ഇന്ന് സമാപനം: മാനം നിറച്ച്, മനം നിറച്ച് ഇന്ത്യൻ വ്യോമസേനയുടെ മുഴുവൻ കരുത്തും കാട്ടി സാരംഗും തേജസും
Mail This Article
ദുബായ് ∙ ആകാശം വാഴും വ്യോമരാജാക്കന്മാരുടെ കരുത്തും അഭ്യാസ മികവും സാങ്കേതിക തികവും മാറ്റുരച്ച ദുബായ് എയർ ഷോയ്ക്ക് ഇന്നു തിരശീല വീഴും. കരയിലും ആകാശത്തും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് എയർഷോ ഒരുക്കിയത്. പാസഞ്ചർ വിമാനങ്ങളും പോർമുഖത്തെ മിന്നൽപ്പിണറുകളായ ഫൈറ്റർ ജെറ്റുകളും ചേർന്ന് ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളാണ് ഒരുക്കിയത്. കാതു തുളയ്ക്കുന്ന ശബ്ദത്തോടെ ഫൈറ്റർ വിമാനങ്ങൾ ചീറി പായുമ്പോൾ യുദ്ധപ്പേടിയില്ലാതെ കാഴ്ചക്കാർക്ക് ആസ്വദിക്കാം. ഇന്ത്യയുടേത് അടക്കം വ്യോമസേനകളുടെ വീരന്മാരാണ് ആകാശത്ത് അണിനിരക്കുന്നത്. ഇന്ത്യയുടെ സാരംഗ് ഹെലികോപ്റ്ററിന്റെ പ്രകടനത്തോടെയാണ് ഇന്നലെ വ്യോമാഭ്യാസ പ്രകടനങ്ങൾ തുടങ്ങിയത്. പിന്നാലെ തേജസ് യുദ്ധ വിമാനം തീ തുപ്പി കുതിച്ചുയർന്നു.
എഫ് 15, മിറാഷ്, അമേരിക്കയുടെ എഫ്16, റഷ്യൻ നൈറ്റ്സ്, റഫാൽ തുടങ്ങിയ വിമാനങ്ങളും കരുത്തു കാട്ടി. റോക്കറ്റ് പോലെ നേരെ മുകളിലേക്കു കുതിച്ചു, പിടിവിട്ട പോലെ നേരെ താഴേക്കു പതിച്ച്, കാഴ്ചക്കാരുടെ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടിയാണ് ഓരോ വിമാനവും പറന്നത്. യുദ്ധ വിമാനങ്ങൾക്കൊപ്പം കിടപിടിക്കുന്നതായിരുന്നു പാസഞ്ചർ വിമാനങ്ങളുടെ പ്രകടനം. കുത്തനെ പൊങ്ങിയും നേരെ താഴ്ത്തിയും ചാഞ്ഞും ചരിഞ്ഞും കാണികൾക്ക് ആവേശമായി. ഇന്ത്യൻ വ്യോമസേനയുടെ മുഴുവൻ കരുത്തും ആവാഹിച്ചുള്ള പ്രകടനമാണ് സാരംഗും തേജസും പുറത്തെടുത്തത്.
റഡാറുകളുടെ കണ്ണു വെട്ടിക്കും, ഞെട്ടിക്കും ടെഡ്ബിഎഫ്
ബഹിരാകാശ സഞ്ചാരത്തേക്കാൾ ചെലവേറിയതും സങ്കീർണവുമാണ് പ്രതിരോധ ശാസ്ത്ര മേഖലയെന്നു തെളിയിക്കുന്നതാണ് ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) നേതൃത്വം നൽകുന്ന ഇന്ത്യൻ പവിലിയൻ. വ്യോമ സേനയിലെ കരുത്തരായ രാജ്യങ്ങളെ ഞെട്ടിക്കാൻ പോകുന്ന ഇന്ത്യൻ യുദ്ധ വിമാനങ്ങളുടെ ചെറുപതിപ്പുകളാണ് പവിലിയനിലെ പ്രധാന ആകർഷണം.
ഇന്ത്യൻ നാവിക സേന നിർമിക്കുന്ന ടെഡ്ബിഎഫ് വിമാനങ്ങളാണ് ഇതിൽ പ്രധാനം. റഡാറുകളുടെ കണ്ണു വെട്ടിച്ച് ലക്ഷ്യ സ്ഥാനത്തേക്ക് മിസൈലുകൾ വർഷിക്കാൻ ശേഷിയുള്ളതാണ് ടെഡ്ബിഎഫ്. യുദ്ധകപ്പലിൽ നിന്ന് പറന്നുയരാനും തിരികെ യുദ്ധക്കപ്പലിലെ തന്നെ 90 മീറ്റർ റൺവേയിൽ സുരക്ഷിതമായി തിരിച്ചിറങ്ങാനും കഴിയും എന്നതാണ് ഡെക്ക് ബേസ്ഡ് ഫൈറ്റർ വിമാനത്തിന്റെ പ്രത്യേകത. പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വിമാനം നാവികസേനയുടെ ഭാഗമാകുന്ന ദിവസവും അകലെയല്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച വിമാനമായതിനാൽ, പ്രതിരോധ മേഖലയിൽ സുപ്രധാന ചുവടുവയ്പ്പാകും ഇത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കൺട്രോൾ സംവിധാനമാണ് ടെഡ്ബിഎഫിന്റെ പ്രത്യേകത. വിമാനത്തിനുണ്ടാകാവുന്ന തകരാറുകൾ മുൻകൂട്ടി പ്രവചിക്കാൻ ഇതിലെ എഐ സംവിധാനത്തിനു കഴിയും. നേരെ വരുന്ന വിമാനം ശത്രുവിന്റെയാണോ എന്നു തിരിച്ചറിയാനുള്ള സാങ്കേതികത്തികവും ഇതിനുണ്ട്.
ആകാശത്തെ കണ്ണ് എന്ന് അറിയപ്പെടുന്ന നേത്രയുടെ ചെറുപതിപ്പും പവിലിയനിലുണ്ട്. എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ സംവിധാനമാണ് നേത്രയുടെ പ്രത്യേകത. 50000 അടി ഉയരത്തിൽ പറക്കാനും 500 കിലോമീറ്റർ അകലെയുള്ള ശത്രു വിമാനങ്ങൾ കണ്ടെത്താനും ഭൂമിയിലെ കൺട്രോൾ റൂമിൽ വിവരം അറിയിക്കാനും നേത്രയ്ക്കു കഴിയും. ആകാശത്ത് നിന്നു കടലിലേക്ക് തൊടുത്ത് അതുവഴി അന്തർവാഹനികളായ യുദ്ധക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള മിസൈൽവേധ ടോർപിഡോകളുടെ ചെറുരൂപവും പ്രദർശനത്തിലുണ്ട്.
ആകാശക്കൊട്ടാരം തീർക്കും എമിറേറ്റ്സ്
എമിറേറ്റ്സിന്റെ 380 ഡബിൾ ഡെക്കർ പാസഞ്ചർ വിമാനത്തിലായിരുന്നു കാഴ്ചക്കാരുടെ കണ്ണുകൾ. ആകാശത്തെ ആഡംബര കപ്പൽ എന്നറിയപ്പെടുന്ന ഇത് വിമാനയാത്രാ സങ്കൽപ്പങ്ങളെ മാറ്റിമറിക്കും. ബിസിനസ് ക്ലാസിലും ഫസ്റ്റ് ലാസിലും ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിൽ സ്പായും സ്വകാര്യ ബാറും വരെയുണ്ട്. ഇക്കോണമി, പ്രീമിയം ഇക്കോണമി സീറ്റുകളും അത്യാഡംബരം. ഫസ്റ്റ് ക്ലാസിലും ബിസിനസിലും വിളമ്പുന്ന ഭക്ഷണം, പാനീയം എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ സാധിക്കാത്തവർക്കു പോലും ജീവിതത്തിൽ ഒരു തവണയെങ്കിലും ആ സൗകര്യങ്ങൾ നേരിട്ടറിയാൻ ഇതുവഴി ഒന്നു കയറി ഇറങ്ങിയാൽ മതി.