ഡിജിറ്റിലാകുന്ന ഷെംഗൻ, ഏകീകൃത ടൂറിസ്റ്റ് വീസയുമായി ജിസിസി രാജ്യങ്ങൾ; മാറുന്ന രാജ്യാന്തര യാത്രാ സേവനങ്ങൾ
Mail This Article
കോട്ടയം ∙ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുരക്ഷിതവും മികവുറ്റതുമായ യാത്രാ സേവനങ്ങൾ നൽകാനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെ സേവനങ്ങളും വീസാ സേവനങ്ങളും പരിഷ്കരിക്കപ്പെടുന്നുണ്ട്. അത്തരത്തിൽ രാജ്യാന്തര യാത്രികർ അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങളെപ്പറ്റി പറയാം.
∙ ഡിജിറ്റിലാകുന്ന ഷെംഗൻ
27 യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഏകീകൃത വീസയായ ഷെംഗൻ വീസ ഉടൻ ഡിജിറ്റലാകും. ഇതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ വാർത്ത പുറത്തു വന്നതോടെ അപേക്ഷകരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. നടപടിക്രമങ്ങൾ ലളിതമാകുന്നത് യാത്രക്കാർക്ക് സന്തോഷം പകരുന്ന കാര്യമാണ്. ഇതിനു പുറമെ നിരവധി മാറ്റങ്ങളുമുണ്ടാകും.
∙ പാസ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ല, നടപടിക്രമങ്ങൾക്ക് ഒരൊറ്റ വെബ്‌സൈറ്റ്
ഷെംഗൻ വീസ ഡിജിറ്റലായാൽ പാസ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്ന രീതിയുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരൊറ്റ വെബ്‌സൈറ്റ് മുഖേന അപേക്ഷകർക്ക് നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിക്കാം. ഫീസും ഈ വെബ്‌സൈറ്റ് വഴി നൽകാമ. വീസയ്ക്ക് വേണ്ടി ഓഫിസുകളിലേക്കും കോണ്‍സുലേറ്റുകളിലേക്കുമുള്ള യാത്ര ഗണ്യമായി കുറയും. ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനാൽ അനധികൃത യാത്രകൾ വലിയ തോതിൽ തടയാമെന്നു പ്രതീക്ഷിക്കുന്നു.
∙ ഗൾഫിന്‍റെ ‘ഷെംഗൻ’
ജിസിസി രാജ്യങ്ങളിലേക്ക് ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം കിട്ടിക്കഴിഞ്ഞു. ഷെംഗൻ വീസ മാതൃകയിൽ ഗൾഫിലെ ആറു രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വീസ. ഇതോടെ ടൂറിസം കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വിനോദസഞ്ചാര മേഖലയെ വളർത്താനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ് ജിസിസി രാജ്യങ്ങൾ. ഏകീകൃത ടൂറിസ്റ്റ് വീസ പദ്ധതി നടപ്പാവുന്നതോടെ ഒറ്റ വീസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളില്ലാതെ സന്ദർശകർക്ക് ആറു ജിസിസി രാജ്യങ്ങളിലും യാത്ര ചെയ്യാം.
∙ ഡിജിറ്റിലാകുന്ന പാസ്പോർട്ട് അഥവാ പാസ്പോർട്ട് രഹിത യാത്ര
ദുബായ്, സിംഗപ്പൂർ തുടങ്ങി പല വിമാനത്താവളങ്ങളിലും പാസ്പോർട്ട് രഹിത യാത്രയുടെ ആദ്യപടി ആരംഭിച്ചു കഴിഞ്ഞു. സ്മാർട് ഗേറ്റുകൾ സ്ഥാപിച്ചാണ് പല വിമാനത്താവളങ്ങളിലും യാത്രക്കാരെ ഇപ്പോൾ പ്രവേശിപ്പിക്കുന്നത്. ബയോമെട്രിക്സും ഫെയ്സ് റെകഗ്‍നിഷനും ഉപയോഗിച്ച് മുഖവും വിരലുകളും പരിശോധിച്ച് ആളുകളെ തിരിച്ചറിയുന്ന സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാസ്പോർട്ട് വിവരങ്ങൾ ഡിജിറ്റിലായി സൂക്ഷിക്കും. അനധികൃത കുടിയേറ്റം തടയാനും സുരക്ഷ വർധിപ്പിക്കാനും സാധിക്കുമെന്നതും നടപടികൾ വേഗത്തിലാകുമെന്നതും ഇതിന്‍റെ സവിശേഷതയാണ്. അതേസമയം, ഫിസിക്കൽ പാസ്പോർട്ട് കൈവശം കരുതുകയും വേണം. ഇത് ആവശ്യമായി വന്നാൽ ഉദ്യോഗസ്ഥർ പരിശോധിക്കും. സമീപഭാവിയിൽത്തന്നെ ഫിസിക്കൽ പാസ്പോർട്ട് ഓർമയാകുമെന്നാണ് കരുതപ്പെടുന്നത്.