വാനോളം വിസ്മയമൊരുക്കാൻ എയർ ഷോ ഇനി 2025ൽ
Mail This Article
ദുബായ് ∙ ആകാശത്ത് വിസ്മയങ്ങളൊരുക്കി ദുബായ് എയർ ഷോയ്ക്കു സമാപനം. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന എയർ ഷോ ഇനി 2025ൽ വീണ്ടുമെത്തും. രാവിലത്തെ മഴ ആശങ്ക ഉയർത്തിയെങ്കിലും പിന്നീട് ആകാശം തെളിഞ്ഞതോടെ സമാപന ദിവസത്തെ പരിപാടികൾ മുൻനിശ്ചയിച്ച പ്രകാരം നടന്നു.
വിമാന നിർമാണ മേഖലയിലെ 1,400 ലോകോത്തര സ്ഥാപനങ്ങൾ എയർ ഷോയുടെ ഭാഗമായി. ആളില്ലാ വിമാനങ്ങളും യാത്രാവിമാനങ്ങളും യുദ്ധവിമാനങ്ങളും അടക്കം ഇന്നുള്ളതും നാളെ വരുന്നതുമായ വിസ്മയക്കാഴ്ചകളാണ് ദുബായ് എയർ ഷോ സമ്മാനിച്ചത്. പ്രദർശനത്തിലും ആകാശ പ്രകടനത്തിലുമായി 190 വിമാനങ്ങൾ പങ്കെടുത്തു.
ഇന്ത്യയുടെ അഭിമാനമായ ലോകത്തിലെ മുൻനിര പോർവിമാനങ്ങൾ ഒന്നൊന്നായി മേളയിൽ അണിനിരന്നു. യുദ്ധമുന്നണിയിലെ പോരാളികളായ തേജസ്, എഫ് 35, മിറാഷ്, സാരംഗ്, ജെഎഫ്17, റഷ്യൻ നൈറ്റ്സ് തുടങ്ങിയവയാണ് അവസാന ദിവസം ആകാശ പ്രകടനം നടത്തിയത്.