ആവേശത്തിരയായി ക്രൂസ് ടൂറിസം; ഒക്ടോബറിൽ മാത്രം 4000 സന്ദർശകർ
Mail This Article
ദോഹ ∙ കപ്പൽ ടൂറിസം സീസൺ ഉഷാറായി മുന്നോട്ട്. ഒക്‌ടോബറിലെത്തിയത് 4,000 സന്ദർശകർ. രാജ്യത്തിന്റെ 2023-2024 കപ്പൽ ടൂറിസം സീസണിന് ഒക്‌ടോബർ 28നാണ് തുടക്കമായത്. ആദ്യ 2 ദിവസത്തിൽ തന്നെ ഖത്തറിന്റെ കാഴ്ചകളിലേക്ക് 4,000 പേർ എത്തിയതായി ഖത്തർ ടൂറിസം അധികൃതർ അറിയിച്ചു.
സീസണിന് തുടക്കമിട്ട് ക്രിസ്റ്റൽ സിംഫണിയാണ് 214 യാത്രക്കാരും 475 ജീവനക്കാരുമായി ദോഹ തുറമുഖത്ത് ആദ്യം നങ്കൂരമിട്ടത്. 30ന് മെയിൻ സ്‌കിഫ് 2,800 യാത്രക്കാരും 1,028 ജീവനക്കാരുമായി എത്തി. ഇന്നലെ മാൾട്ട ഉടമസ്ഥതയിലുള്ള അസ്മാര എത്തിയത് 608 യാത്രക്കാരും 389 ജീവനക്കാരുമായി. അസ്മാരയുടെ ദോഹയിലേക്കുള്ള ആദ്യ വരവാണിത്. ഇന്നും 24നുമായി മെയിൻ സ്‌കിഫ്-2 എത്തിച്ചേരും. 27ന് സിൽവർ സ്പിരിറ്റ്, 28ന് ലെ ബൊഗേൻവില്ല എന്നിവയാണ് ഈ മാസമെത്തുന്ന കപ്പലുകൾ.
എംഎസ്‌സിയുടെ വെർച്യോസ, കോസ്റ്റ ടോസ്‌കാന, നോർവീജിയൻ ഡോൺ തുടങ്ങി 81 ആഡംബര കപ്പലുകളാണ് ഈ സീസണിൽ എത്തുന്നത്. ഏപ്രിൽ 25ന് സമാപിക്കുന്ന സീസണിലേക്ക് 3 ലക്ഷം സന്ദർശകരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അൽബിദ പാർക്കിൽ നടക്കുന്ന രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയാണ് സന്ദർശകർക്ക് ഖത്തറിലെ പ്രധാന കാഴ്ചകളിലൊന്ന്. മാർച്ച് 28 വരെയാണ് എക്‌സ്‌പോ. അതിനാൽ സീസണിലേക്ക് എത്തുന്ന ഭൂരിഭാഗം പേർക്കും എക്‌സ്‌പോ ആസ്വദിക്കാം.