ശേഷം മൈക്കിൽ 'യുഎഇ' ഫാത്തിമ; സിനിമയിലെ യഥാർഥ കഥാപാത്രത്തെ പരിചയപ്പെടാം
Mail This Article
ദുബായ് ∙ 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന മലയാള സിനിമയെക്കുറിച്ച് മികച്ച റിപോർട്ടുകൾ വരുന്നതിനിടെ യാദൃച്ഛികമെന്നോണം യുഎഇയിലെ യഥാർഥ ഫാത്തിമ രംഗത്ത് വരുന്നു. യുഎഇയിലെ മൈതാനങ്ങളിൽ നിറഞ്ഞാടുന്ന സ്വദേശി വനിത ഫാത്തിമയാണ്, ശേഷം മൈക്കിൽ ഫാത്തിമ എന്ന സിനിമയെക്കുറിച്ച് അറിയില്ലെങ്കിലും വാചാലയാകുന്നത്.
ഇന്നലെ തിയറ്ററുകളിലെത്തിയ മൈക്കില്‍ ഫാത്തിമ എന്ന സിനിമയുടെ സംവിധായകൻ മനു സി.കുമാറിന് ഗൾഫിലെ ഫുട്ബോള്‍ പ്രേമികൾക്കിടയിൽ പ്രശസ്തയായ ഇൗ ഫാത്തിമയെ അറിയാമായിരുന്നോ എന്നറിയില്ല, യുഎഇയിൽ തിളങ്ങുന്ന ഫാത്തിമ എന്ന യഥാർഥ കമന്റേറ്റർ തന്റെ പേരിൽ ഇങ്ങനെയൊരു മലയാള സിനിമ പുറത്തിറങ്ങി എന്ന കാര്യം അറിഞ്ഞിട്ടില്ല.
2022 ൽ മൊറോക്കോയിൽ നടന്ന ഫിഫ ക്ലബ് ലോക കപ്പില്‍ കമന്റേറ്ററായി എത്തിയതോടെയാണ് യുഎഇ സ്വദേശി ഫാത്തിമ ശ്രദ്ധേയയാകുന്നത്. അന്ന് ഫാത്തിമയുടെ കമന്ററി ലോകത്തെ ഫുട്ബോള്‍ പ്രേമികളുടെ മനം കവർന്നു. ദുബായ് സൂപ്പർ കപ്പ്, പ്രസിഡന്റ്സ് കപ്പ്, യുഎഇയിൽ നടന്ന എഎഫ് സി ഏഷ്യൻ കപ്പ് 2019, ജോര്‍ജിയയിൽ ഇൗ വർഷം നടന്ന പാരാ പവർലിഫ്റ്റിങ് ലോക കപ്പ്, ഷാർജയിൽ നടന്ന പെഡൽ കപ്പ് ഏഷ്യൻ മാസ്റ്റേഴ്സ് എന്നിവയിലൊക്കെ ഫാത്തിമ കമന്റേറ്ററായി തിളങ്ങി. ഇന്ന് യുഎഇയിൽ മാത്രമല്ല, ഗൾഫിൽ മുഴുവൻ ഫാത്തിമ താരമാണ്.
ആളുകളൾ ആകാംക്ഷാഭരിതരാകുന്നത് കാണാൻ തനിക്കിഷ്ടമാണെന്നും അതാസ്വദിക്കുന്നുവെന്നും അൽ െഎൻ സ്വദേശിയായ ഇൗ യുവതി പറയുന്നു. അതിനാണ് ഞാനി ജോലി ചെയ്യുന്നത്. ഓരോ നിമിഷവും എനിക്ക് ഒരോ ഓർമകൾ സമ്മാനിക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ മുന്നിൽ നിൽക്കുന്നത് അവിസ്മരണീയമാണ്. അവരിൽ നിന്നും അഭിനന്ദനങ്ങൾ നേടുന്നത് സന്തോഷം പകരുന്നു. ഫുട്ബോൾ മേഖലയിലായാലും മറ്റ് പുരുഷ മേധാവിത്ത ജോലികളിലായാലും അവരവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ എല്ലാ സ്ത്രീകളെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇത് ആളുകളുമായി ഇടപഴകുന്ന എന്റെ ജോലിയാണ്. നിങ്ങൾ ഇത് ചെയ്തുകൊണ്ടേയിരിക്കുമ്പോൾ അത് എളുപ്പമാകും. ഞാൻ എപ്പോഴും എന്റെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഒരിക്കലും അത് നിർത്താന്‍ ഉദ്ദേശിക്കുന്നില്ല.
ഗോളുകളെ ഇഷ്ടപ്പെടുന്നു
ഗോളുകളാണ് എനിക്ക് ഇഷ്ടമാകുന്ന നിമിഷങ്ങൾ. കാരണം അത് എല്ലാവരെയും കൂടുതൽ ആവേശഭരിതരാക്കുകയും സ്റ്റേഡിയത്തിലെ ആവേശം ഉയർത്തുകയും ചെയ്യുന്നു. പുസ്തകങ്ങളിലൂടെയും മറ്റും ഫുട്ബോളിനെ കുറിച്ച് കൂടുതൽ അറിയാനും ഇൗ യുവതി സമയം കണ്ടെത്തുന്നുണ്ട്. എല്ലാ മത്സരങ്ങൾക്കും ഒരു ദിവസം മുമ്പ് യോഗം ചേർന്ന് റിഹേഴ്സലും മറ്റും നടത്തും. അതേ ദിവസം തന്നെ മറ്റൊരു യോഗം നടത്തുകയും എല്ലാം ചർച്ച ചെയ്യുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നു.
ഫ്രീലാൻസർ ആയിട്ടാണ് ഫാത്തിമ പ്രവർത്തിക്കുന്നത്. പ്രത്യേക ചാനലിൽ ജോലി ചെയ്യുന്നില്ല. പക്ഷേ ഒരു ദിവസം എനിക്ക് ഏതെങ്കിലും ചാനലിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭർത്താവിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയുമൊക്കെ നിറഞ്ഞ പിന്തുണയോടെയാണ് ഫാത്തിമയുടെ ജോലിയും ജീവിതവും മുന്നോട്ടു നയിക്കുന്നത്. കൂടുതൽ നന്നായി പ്രവർത്തിക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും എപ്പോഴും അവരെനിക്ക് പ്രചോദനം നൽകുന്നു എന്ന് ഫാത്തിമ പറയുന്നു.
മാധ്യമപ്രവർത്തകനായിരുന്ന മനു സി. കുമാർ സംവിധാനം ചെയ്ത 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന മലയാള സിനിമയിൽ കല്യാണി പ്രിയദര്‍ശനാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. യുഎഇയിൽ ഇങ്ങനെ, അതേ പേരിൽ ഒരു ഫാത്തിമ കമന്റേറ്ററായി ജീവിക്കുന്നു എന്ന കാര്യം ഒരു പക്ഷേ, അവർക്ക് അറിയുക പോലുമില്ല. തന്റെ രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ കേരളത്തിൽ നിന്നുള്ളവരുടെ ഇടയിൽ ഇങ്ങനെയൊരു സിനിമ പുറത്തിറങ്ങിയതും അതേക്കുറിച്ച് മികച്ച അഭിപ്രായം പുറത്തുവന്നതും യഥാർഥ യുഎഇ ഫാത്തിമയ്ക്ക് അറിയില്ല.
കാൽപന്തു കളിയുടെ ഏറ്റവും വലിയ ആരാധക വൃന്ദമുള്ള മലപ്പുറത്തെ യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിൽ നിന്ന് ഫുട്ബോൾ തലയ്ക്ക് പിടിച്ച ഫാത്തിമ എന്ന പെൺകുട്ടി കമന്റേറ്ററാകാൻ ശ്രമിക്കുന്നതും അവർ തരണം ചെയ്യേണ്ടി വരുന്ന പ്രതിബന്ധങ്ങളുമാണ് ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന്റെ പ്രമേയം.
സിനിമയിലെ നായികയെപ്പോലെ, നക്ഷത്രദൂരമുണ്ടായിരുന്ന തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ പടി ചവിട്ടിക്കയറിയ സംവിധായകന്റെ മികവും ഇതോടൊപ്പം ചർച്ചാ വിഷയമാകുന്നു. മനു കണ്ട സിനിമയെ കല്യാണി പ്രിയദര്‍ശൻ എന്ന അഭിനേത്രി ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് ചിത്രത്തെ വിജയിപ്പിച്ചിരിക്കുന്നത്.