നാലാമത് റിയാദ് സീസൺ: വ്യത്യസ്ത വിനോദ കേന്ദ്രമായി ‘വണ്ടർ ഗാർഡൻ’
Mail This Article
റിയാദ് ∙ ‘ബിഗ് ടൈം’ എന്ന ശീർഷകത്തിൽ തുടങ്ങിയ നാലാമത് റിയാദ് സീസൺ ആഘോഷത്തിെന്റെ ഭാഗമായി വ്യത്യസ്ത വിനോദ കേന്ദ്രമായി ‘വണ്ടർ ഗാർഡൻ’ സന്ദർശകർക്കായി തുറന്നു. മൂന്ന് മേഖലകളായി ഗാർഡനുള്ളിൽ സന്ദർശകരെ കാത്തിരിക്കുന്നത് അദ്ഭുത കാഴ്ചകളാണ്. 70 വ്യത്യസ്ത സാഹസിക ഗെയിമുകൾ, രണ്ട് ആർക്കേഡ് ഹാളുകൾ, 15 ഷോപ്പുകൾ, 31 റസ്റ്ററന്റുകൾ, 56-ലധികം നാടകം, ടൂറിങ് ഷോകൾ തുടങ്ങി നിരവധി രസകരമായ അനുഭവങ്ങളും അസാധാരണമായ സാഹസികതകളും അടങ്ങിയതാണ് പുതിയ വണ്ടർ ഗാർഡൻ.
മധ്യപൂർവ്വദേശത്തെ ആകർഷകമായ ഗാർഡൻ തീം ഉള്ള ആദ്യത്തെ അമ്യൂസ്‌മെൻറ് പാർക്കാണിത്. മരങ്ങൾ, പൂക്കൾ, ചിത്രശലഭങ്ങൾ, സാങ്കൽപ്പിക കവാടം എന്നിവയാൽ പ്രചോദിതമായ അതിന്റെ ആകർഷകമായ രൂപകൽപന ഏറെ വ്യത്യസ്തമാണ്. പ്രദേശത്തുടനീളം പ്രകാശമാനമായി ഒരുക്കിയ കലാസൃഷ്ടികൾക്കും വിവിധ കലാപരമായ ഡ്രോയിങ്ങുകൾക്കും പുറമേയാണിത്. പ്രവേശന കവാടത്തോട് ചേർന്നുള്ള ജലം കൊണ്ടുള്ള മായാജാലമായ ‘ദി മാജിക് ഓഫ് വാട്ടറി’ൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കവാടം കടന്നാൽ സന്ദർശകരെ ആദ്യം വരവേൽക്കുന്നത് അരയന്നങ്ങളുടെ തടാകമാണ്. 50ലധികം അരയന്നങ്ങളുള്ള തടാകത്തിന്റെ കാഴ്ച മനോഹരമാണ്.