30 മിനിറ്റിൽ ഖത്തർ-ബഹ്‌റൈൻ യാത്ര; സമുദ്ര പാതയിൽ റെയിൽ പ്ലാറ്റ്‌ഫോമും
Mail This Article
ദോഹ∙ ഖത്തർ-ബഹ്‌റൈൻ കോസ് വേ (ക്യുബിസി) പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയും. പുതിയ സമുദ്ര പാത ഇരു രാജ്യങ്ങളിലെയും ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളുടെ വളർച്ചയ്ക്കും ആക്കം കൂട്ടും.
ഖത്തറിന്റെ വടക്കൻ മേഖലയെയും ബഹ്‌റൈന്റെ കിഴക്കൻ തീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്ര പാത ബഹ്‌റൈനെയും സൗദിയേയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വെയിലേക്കുള്ള സ്വാഭാവിക വിപുലീകരണമാണ്.
നിലവിൽ സൗദിയുമായുള്ള കര അതിർത്തി വഴി ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രാസമയം 5 മണിക്കൂർ ആണ്. ഇതാണ് പാലം വരുന്നതോടെ 30 മിനിറ്റായി കുറയുന്നത്.
ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് മാത്രമല്ല സൗദിയിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കുമുള്ള യാത്രയും കൂടുതൽ എളുപ്പമാകും. ഇരു രാജ്യങ്ങളിലെയും കച്ചവട, ടൂറിസം മേഖലകൾക്കും കൂടുതൽ നേട്ടമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും നീളമേറിയ ഫിക്‌സഡ് കോസ് വെയായി ക്യൂബിസി മാറും.
കഴിഞ്ഞ ദിവസം മനാമയിൽ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശി സൽമാൻ രാജകുമാരൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യുബിസി നിർമാണം തുടങ്ങാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
∙സമുദ്ര പാതയിൽ റെയിൽ പ്ലാറ്റ്‌ഫോമും
ദോഹ ∙ 40 കിലോമീറ്റർ നീളുന്ന കോസ് വേയിൽ ഇരട്ട രണ്ടു വരി ഹൈവേ, ഒരു റെയിൽ പ്ലാറ്റ്‌ഫോം, 2 ദിശകളിലുമായുള്ള എമർജൻസി ലൈനുകൾ എന്നിവ ഉൾപ്പെടെ 4 പാതകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഇരു രാജ്യങ്ങളിലെയും അതിർത്തി സംവിധാനങ്ങൾക്ക് പുറമെ ഗതാഗതം നിയന്ത്രിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും ഇ– പേയ്‌മെന്റ് സംവിധാനം, സൂപ്പർവൈസറി കൺട്രോൾ, ഡേറ്റ അക്വസിഷൻ സിസ്റ്റം, ഗതാഗത നിരീക്ഷണ-സർവെയിലൻസ് സംവിധാനം എന്നിവ പദ്ധതിയിലുണ്ട്. മണിക്കൂറിൽ 4,000-5000 കാറുകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. ഭാവിയിൽ ചരക്ക്, അതിവേഗ പാസഞ്ചർ റെയിൽ ലൈനുകൾ ലക്ഷ്യമിട്ടാണ് റെയിൽ പ്ലാറ്റ്‌ഫോം ഉൾപ്പെടുത്തിയത്.
തുർക്കിയിലെ ഇസ്തംബുള്ളിൽ നിന്ന് മസ്‌ക്കത്തിലെ ഒമാനുമായി ബന്ധിപ്പിക്കുന്നതിന് റെയിൽ പാതകൾ നീട്ടാനും മിഡിൽ ഈസ്റ്റ് ഗൾഫ് കോസ്റ്റ് രാജ്യങ്ങളുടെ പ്രധാന റെയിൽ ലിങ്കായി മാറുകയും ചെയ്യും.
ഇതിന്റെ പ്രവർത്തനങ്ങൾക്കായി അടുത്തിടെയാണ് ജിസിസി പ്രത്യേക റെയിൽ അതോറിറ്റി രൂപീകരിച്ചത്.
∙സമുദ്രപാത പദ്ധതിയുടെ നാൾവഴി
∙ 2001 സെപ്റ്റംബറിൽ ഖത്തർ-ബഹ്‌റൈൻ സമുദ്രപാതപദ്ധതി ആവിഷ്‌കരിച്ചു. 2002 സെപ്റ്റംബറിൽ പദ്ധതി സംബന്ധിച്ച പ്രായോഗിക പഠനം പൂർത്തിയാക്കി.
∙ 2006 ൽ നിർമാണത്തിനായി ക്യുബിസി ഫൗണ്ടേഷൻ രൂപീകരിച്ചു.
∙ 2008 ലാണ് നിർമാണം തുടങ്ങുന്നത് സംബന്ധിച്ച ഔദ്യോഗിക കരാറിൽ ഒപ്പുവച്ചത്. 2009 നവംബറിലാണ് ക്യുബിസി നിർമാണ പ്രവർത്തനങ്ങൾ 2010 ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
∙ പാലത്തിനോട് അനുബന്ധമായി റെയിൽ പ്ലാറ്റ്‌ഫോം കൂടി ഉൾപ്പെടുത്താമെന്ന തീരുമാനത്തെ തുടർന്നാണ് നിർമാണം വൈകിയത്.
∙ 2017ൽ മറ്റ് ഗൾഫ് രാജ്യങ്ങൾ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയതോടെ പദ്ധതി കടലാസിലായി.
∙ 2021 ൽ ഗൾഫ് ഉച്ചകോടിയിൽ ഒപ്പുവച്ച അൽ ഉല കരാറിന്റെ അടിസ്ഥാനത്തിൽ ഉപരോധം പിൻവലിച്ചെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഖത്തറും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്രബന്ധം പൂർണതോതിൽ പുന:സ്ഥാപിച്ചത്.
∙ ഈ വർഷം ജനുവരിയിൽ ഖത്തർ-ബഹ്‌റൈൻ ഭരണാധികാരികൾ തമ്മിലുള്ള കൂടിക്കാഴ്ച കൂടുതൽ മഞ്ഞുരുക്കത്തിന് വഴിതെളിച്ചു.
∙ ഫെബ്രുവരിയിൽ വിദേശകാര്യമന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചകളും ചർച്ചകളും എല്ലാ തർക്കങ്ങളും പരിഹരിച്ച് ബന്ധം ഊഷ്മളമാക്കി. ഏപ്രിലിൽ നയതന്ത്ര ബന്ധവും പുന:സ്ഥാപിച്ചതോടെയാണ് പദ്ധതിക്കുള്ള ചർച്ച സജീവമായത്.