ജോലിയിൽ നിന്നു വിരമിച്ചവർക്കായി റിട്ടയർമെന്റ് വീസയുമായി ദുബായ്
Mail This Article
ദുബായ് ∙ ജോലിയിൽ നിന്നു വിരമിച്ച്, വിശ്രമജീവിതം നയിക്കുന്നവർക്കായി റിട്ടയർമെന്റ് വീസയുമായി ദുബായ്. 5 വർഷത്തേക്കാണ് റിട്ടയർമെന്റ് വീസ നൽകുന്നത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനും സാധിക്കും. 55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്തവരായിരിക്കണം അപേക്ഷകർ.
റിട്ടയർമെന്റ് വീസയ്ക്കു വേണ്ട യോഗ്യതകൾ:
∙ റിട്ടയർമെന്റിനു ശേഷം കുറഞ്ഞത് 15000 ദിർഹം വരുമാനം ഉണ്ടായിരിക്കണം. അല്ലെങ്കിൽ 180000 ദിർഹം വാർഷിക വരുമാനം വേണം. അല്ലെങ്കിൽ 10 ലക്ഷം ദിർഹത്തിൽ കുറയാത്ത സേവിങ്സ് ഡിപ്പോസിറ്റ് ഉണ്ടാവണം. അല്ലെങ്കിൽ 10 ലക്ഷം ദിർഹം മൂല്യമുള്ള വസ്തുവകകൾ ഉണ്ടാവണം.
∙ വർഷം 5 ലക്ഷം ദിർഹത്തിന്റെ സ്ഥിര നിക്ഷേപം (കുറഞ്ഞത് 3 വർഷത്തെ സ്ഥിര നിക്ഷേപം) സ്ഥിര നിക്ഷേപ അടിസ്ഥാനത്തിലാണ് വീസയ്ക്ക് അപേക്ഷിക്കുന്നതിലെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജിഡിആർഎഫ്എ) വഴിയും വസ്തുവകകളുടെ അടിസ്ഥാനത്തിലാണെങ്കിൽ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് വഴിയുമാണ് വീസയ്ക്ക് അപേക്ഷ നൽകേണ്ടത്. ജിഡിആർഎഫ്എ സൈറ്റ്: https://smart.gdrfad.gov.ae
ലോഗിൻ ചെയ്ത ശേഷം പുതിയ അപേക്ഷയായി റജിസ്റ്റർ ചെയ്യാം.
ആവശ്യമായ രേഖകൾ:
∙ പാസ്പോർട്ട് പകർപ്പ് (അപേക്ഷകന്റെയും ഭാര്യയുടെയും കുട്ടികളുടെയും)
∙ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ഭാര്യയെ സ്പോൺസർ ചെയ്യുന്നെങ്കിൽ)
∙ നിലവിൽ യുഎഇ റസിഡന്റ് ആണെങ്കിൽ വീസയുടെ പകർപ്പ്
∙ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്
∙ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കുന്നതെങ്കിൽ വരുമാനത്തിന്റെ തെളിവ്. പെൻഷൻ ആണെങ്കിൽ പെൻഷൻ അതോറിറ്റിയുടെ ലെറ്റർ.
∙ 6 മാസ ബാങ്ക് സ്റ്റേറ്റ്മെന്റ്.
∙ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ – വിമരിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച എൻഡ് ഓഫ് സർവീസ് ലെറ്റർ.
∙ ബാങ്കിന്റെ ഭാഗത്തു നിന്നുള്ള കത്ത്. 10 ലക്ഷം ദിർഹത്തിന്റെ നിക്ഷേപം 3 വർഷമായുണ്ടെന്നു സാക്ഷ്യപ്പെടുത്തി ജിഡിആർഎഫ്എയ്ക്കു നൽകുന്നതാവണം കത്ത്.
∙ വസ്തു അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ – ആധാരത്തിന്റെ പകർപ്പ്. ദുബായിലുള്ള വസ്തുവാണെന്നതിനും 10 ലക്ഷം ദിർഹം വിലയുണ്ടെന്നും അപേക്ഷകന്റെ പേരിലാണെന്നും ഉള്ളതിന്റെ സാക്ഷ്യപത്രം.
∙ ഏതെങ്കിലും കമ്പനിയുടെ പേരിലാണ് വസ്തുവെങ്കിൽ കമ്പനിയുടെ 100% ഓഹരിയും അപേക്ഷകന്റെ പേരിലായിരിക്കണം. പങ്കാളിത്ത കമ്പനിയാണെങ്കിൽ അപേക്ഷകൻ കുറഞ്ഞത് 10 ലക്ഷം ദിർഹത്തിന്റെ ഓഹരി കമ്പനിയിൽ ഉണ്ടായിരിക്കണം. അപേക്ഷ ജിഡിആർഎഫ്എയോ ഡിഎൽഡിയോ അംഗീകരിച്ചാൽ വീസ ഫീസായി 3714.75 ദിർഹം നൽകണം. വീസ സംബന്ധമായ എല്ലാ ചെലവും എൻട്രി പെർമിറ്റ് ചെലവും, റസിഡൻസി സ്റ്റാംപിങ്ങും എമിറേറ്റ്സ് ഐഡിയും വൈദ്യ പരിശോധനയും മാനേജ്മെന്റ് ഫീസും ഇതിൽ ഉൾപ്പെടും.