ആഗോള ടൂറിസം കേന്ദ്രമായി സ്ഥാനമുറപ്പിച്ച് ഖത്തർ; ഓഗസ്റ്റ് വരെ മാത്രം 25.6 ലക്ഷം സന്ദർശകർ
Mail This Article
ദോഹ ∙ ആഗോള ടൂറിസം കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞതായി അധികൃതർ. വിനോദസഞ്ചാരത്തിന്റെ ലോകോത്തര ലക്ഷ്യസ്ഥാനമായി ഖത്തർ മാറിക്കഴിഞ്ഞു. സന്ദർശകരുടെ എണ്ണത്തിൽ ശ്രദ്ധേയമായ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഖത്തറിന്റെ കാഴ്ചകളിലേക്ക് ഏകദേശം 30 ലക്ഷത്തോളം സന്ദർശകരാണ് എത്തിയത്. കഴിഞ്ഞ 5 വർഷത്തെ സന്ദർശക കണക്കുകളാണ് ഇതിലൂടെ മറികടന്നതെന്നും ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി ബിൻ സാദ് അൽ ഖർജി വ്യക്തമാക്കി.
ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഖത്തർ ട്രാവൽ മാർട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു കൊണ്ടാണ് ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ഖത്തറിന്റെ വളർച്ചയെക്കുറിച്ച് വിശദമാക്കിയത്. ഖത്തർ ടൂറിസത്തിന്റെ രേഖകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് 25 വരെ 25.6 ലക്ഷം സന്ദർശകരാണ് രാജ്യത്തെത്തിയത്.
ഇത് കഴിഞ്ഞ വർഷമെത്തിയ മൊത്തം സന്ദർശകരുടെ എണ്ണത്തെക്കാൾ കൂടുതലാണെന്ന് മാത്രമല്ല കഴിഞ്ഞ വർഷം സമാന കാലയളവിനെ സന്ദർശക എണ്ണത്തെക്കാൾ 157 ശതമാനം വർധനയുമുണ്ട്. ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ വിജയകരമായ ആതിഥേയത്വമാണ് ആഗോള ടൂറിസം ഭൂപടത്തിൽ പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ഉറപ്പിച്ചത്. ലോകകപ്പിനായി അവതരിപ്പിച്ച ഹയാ പ്ലാറ്റ്‌ഫോമിന്റെ വിപുലീകരണവും വീസ ഇളവുകളും ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകിയതായും അൽ ഖർജി ചൂണ്ടിക്കാട്ടി.