2030 ലെ വേള്‍ഡ് എക്സ്പോ റിയാദിൽ; സൗദി വേദി സ്വന്തമാക്കിയത് 119 വോട്ടുകൾ നേടി
Mail This Article
റിയാദ്∙ സൗദി ലോകത്തെ വീണ്ടും വിസ്മയിപ്പിക്കുന്നു. എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തിൽ റിയാദ് വിജയിച്ചു. ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി 2030 ലെ വേള്‍ഡ് എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്.119 വോട്ടുകൾ നേടിയാണ് സൗദി വിജയിച്ചത്. എക്സ്പോ 2020 യുഎഇയിലെ ദുബായിലാണ് വിജയകരമായി നടന്നത്.
ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ നഗരമായ ബുസാന്‍, ഇറ്റലിയിലെ റോം എന്നിവയ്‌ക്കെതിരെയാണ് റിയാദ് മത്സരിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വലിയ ഊന്നല്‍ നല്‍കിയാണ് റോം മത്സരിച്ചത്. 2020 ല്‍ ദുബായിലാണ് എക്‌സ്‌പോ നടന്നത്. 2025ല്‍ ജപ്പാനിലെ ഒസാക്കയിലാണ് നടക്കുക. 2027ലെ ഏഷ്യന്‍ കപ്പ്, 2029 ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസ്, 2034 ലെ ഏഷ്യന്‍ ഗെയിംസ് എന്നിവയും സൗദിയിലേക്ക് വരാനിരിക്കുകയാണ്. 2034 ലെ ലോകകപ്പും ഇവിടെയാണ് നടക്കുക. ജനറല്‍ അസംബ്ലി മീറ്റിങ് നടക്കുന്നതിന് മുന്നോടിയായി സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പാരിസില്‍ മീഡിയ ഓയാസിസ് എന്ന പേരില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച തുടങ്ങി ഇന്നലെ (ചൊവ്വ) ആണ് എക്‌സിബിഷന്‍ സമാപിച്ചത്.
റിയാദിലെ വനവത്കരണം, കിങ് സല്‍മാന്‍ പാര്‍ക്ക്, റിയാദ് ആര്‍ട്ട്, കിങ് സല്‍മാന്‍ വിമാനത്താവളം അടക്കമുള്ള പ്രധാന ദേശീയ പദ്ധതികളും സംരംഭങ്ങളും പ്രദര്‍ശിപ്പിച്ച് രാജ്യാന്തര മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ രാജ്യം കൈവരിച്ചുവരുന്ന പരിവര്‍ത്തനം ഉയര്‍ത്തിക്കാട്ടുകയായിരുന്നു മീഡിയ ഓയാസിസ്. 2030 ലോക മേളയ്ക്ക് റിയാദ് മുൻപേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.