പലസ്തീൻ: ശ്രമം ശാശ്വത പരിഹാരത്തിനെന്ന് ഖത്തർ
Mail This Article
ദോഹ ∙ ഗാസയിലെ പലസ്തീനു നേര്‍ക്കുള്ള ഇസ്രയേലിന്റെ അക്രമണം ഇനി ഒരിക്കലും ആവര്‍ത്തിക്കാത്ത തരത്തില്‍ ശാശ്വതമായി എങ്ങനെ അവസാനിപ്പിക്കാന്‍ കഴിയുമെന്നതിലാണ് നിലവില്‍ ഖത്തര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനി.
യുദ്ധം ആവര്‍ത്തിക്കാതിരിക്കാനുള്ള ഏക മാര്‍ഗം രാഷ്ട്രീയ പരിഹാരത്തില്‍ എത്തിച്ചേരുകയും പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്യുക മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അമേരിക്കയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഇക്കാര്യങ്ങള്‍ക്കായി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കയുമായി നൂറ്റാണ്ടുകളുടെ സുദൃഢമായ ബന്ധമാണ് രാജ്യത്തിനുള്ളതെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ ഒരുമിച്ചു ചേര്‍ന്നാണ് പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ചാനലായ സിബിഎസ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഗാസയില്‍ ശാശ്വത പരിഹാരത്തിനാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം വിശദമാക്കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആദ്യ ഗ്രൂപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ബന്ദികളെ സുരക്ഷിതമാക്കാന്‍ ഹമാസിന് കഴിഞ്ഞാല്‍ അവരുടെ എണ്ണം അനുസരിച്ച് നീട്ടുമെന്നാണ് കരാര്‍ വ്യവസ്ഥ. കൂടുതല്‍ അമേരിക്കന്‍ പൗരന്മാര് മോചിതരാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടമാക്കി. ഖത്തറിന്റെ 2 പ്രതിനിധി സംഘങ്ങള്‍ ഇസ്രയേലിലും ഗാസയിലുമായുണ്ട്. ഗാസ സംഘം പലസ്തീനുള്ള മാനുഷിക സഹായം കൃത്യമായി ഉറപ്പാക്കുന്നതിനും ഇസ്രയേലിലെ സംഘം ബന്ദികളുടെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുമാണ് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെയും ഈജിപ്തിന്റെയും സഹകരണത്തോടെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ഗാസയില്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്ന 4 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഇന്നലെ വീണ്ടും 2 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.