ദോഹ മെട്രോ സ്‌റ്റേഷനുകളിലെ അനധികൃത പാർക്കിങ്; ഇനി നടപടി കടുക്കും
Mail This Article
ദോഹ ∙ ദോഹ മെട്രോ സ്‌റ്റേഷനുകളിലെ ഡ്രോപ് പോയിന്റുകളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.
ദോഹ മെട്രോ സ്‌റ്റേഷനുകളിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ഇടങ്ങളിലും പൊതു വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടങ്ങളിലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രാലയം പബ്ലിക് ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി വകുപ്പിലെ ട്രെയിനിങ്-ക്വാളിഫിക്കേഷൻ വിഭാഗം മേധാവി ക്യാപ്റ്റൻ ഫഹദ് മജിദ് അൽ ഖഹ്താനി മുന്നറിയിപ്പ് നൽകി.
ഖത്തർ റേഡിയോയിൽ 'പൊലീസ് വിത്ത് യു' എന്ന പ്രോഗ്രാമിൽ പങ്കെടുക്കവേയാണ് അനധികൃത പാർക്കിങ്ങിനെതിരെ മുന്നറിയിപ്പ് നൽകിയത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർ സേഫ്റ്റി, സുരക്ഷാ നടപടികൾ പാലിക്കണമെന്നും അൽ ഖഹ്താനി ഓർമ്മപ്പെടുത്തി. സേഫ്റ്റി നിർദേശങ്ങൾ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ എഴുതി പതിച്ചിട്ടുണ്ട്. മെട്രോ യാത്രക്കിടെ യാത്രക്കാരുടെ വ്യക്തിഗത സാധനങ്ങൾ നഷ്ടമായാൽ 105 എന്ന ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.