ലക്ഷ്യം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി: നരേന്ദ്ര മോദി
Mail This Article
ദുബായ് ∙ സമ്പദ് വ്യവസ്ഥയെയും ആവാസ വ്യവസ്ഥയെയും ഒരുപോലെ പരിഗണിക്കുന്നതാണ് ഇന്ത്യൻ വികസന മാതൃകയെന്നും കാലാവസ്ഥ ഉച്ചകോടിയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ലോക ജനസംഖ്യയിൽ 17% അധിവസിക്കുന്ന ഇന്ത്യ, പക്ഷേ പുറന്തള്ളുന്ന കാർബൺ വെറും 4% മാത്രമാണ്. കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിൽ ലോക രാഷ്ട്രങ്ങൾക്കു നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യം (എൻഡിസി) ഇന്ത്യ നേടി. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് നൽകിയ ലക്ഷ്യം 11 വർഷം കൊണ്ട് പിന്നിട്ടു, പെട്രോളിതര ഇന്ധന ഉപയോഗം വർധിപ്പിക്കാൻ നൽകിയ ലക്ഷ്യം 9 വർഷം കൊണ്ടും പിന്നിട്ടതായും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തെറ്റുകൾ തിരുത്തേണ്ട സമയം അതിക്രമിച്ചു. സ്ഥാപിത, നിക്ഷിപ്ത താൽപര്യങ്ങളിൽ നിന്നു പുറത്തുവന്ന് പൊതു താൽപര്യത്തിനു വേണ്ടി കൈകോർക്കാൻ ലോക നേതാക്കളോടു മോദി അഭ്യർഥിച്ചു. സുരക്ഷിതമായ ഭാവിയിലേക്കു വഴി തുറക്കാൻ ഉച്ചകോടിയിൽ നടക്കുന്ന ചർച്ചകൾക്കു കഴിയണം.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ലക്ഷ്യം നേടാൻ ലോക രാജ്യങ്ങൾ ഒരേ മനസ്സോടെ കൈകോർക്കണം. വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥ കെടുതികൾ നേരിടാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിൽ വികസിത രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണമെന്നും മോദി പറഞ്ഞു. കാലാവസ്ഥ മാറ്റങ്ങളെ പ്രതിരോധിക്കാനും സുസ്ഥിര വികസന പദ്ധതികൾ നടപ്പിലാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണ ഗോളത്തിലെ രാജ്യങ്ങൾ പരിമിതിക്കുള്ളിലും കാലാവസ്ഥ പ്രതിരോധ നടപടികളിൽ ആത്മാർഥത കാണുന്നവരാണ്. ഈ രാജ്യങ്ങൾ ഇന്നു നേരിടുന്ന കാലാവസ്ഥ ദുരിതങ്ങൾ ഗൗരവമായി കാണണം. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാമ്പത്തിക, സാങ്കേതിക സഹായം ഓരോ രാജ്യവും ആവശ്യപ്പെടുകയാണ്. ഈ സാഹചര്യത്തെ നേരിടാൻ വികസിത രാജ്യങ്ങൾ സഹായിക്കണം. കാലാവസ്ഥ ഫണ്ടിങ്ങിനായി യുഎഇ രൂപം നൽകിയ പദ്ധതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.