സൗദിയിൽ വ്യാപക മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശം
Mail This Article
ജിദ്ദ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ അടുത്ത തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത. 50 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാനും ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചെങ്കടലിലെ ചില ഭാഗങ്ങളിൽ ഉയരത്തിൽ തിരമാലകൾ അടിക്കാനിടയുണ്ടെന്നും കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
അൽ ബാഹ, മക്ക, മദീന, ഹായിൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ മാറ്റമുണ്ടാകുമ്പോൾ വിദൂര ദൃഷ്ടി കുറക്കുന്ന വിധത്തിൽ പൊടിക്കാറ്റുണ്ടായേക്കാം. റോഡുകളിൽ വാഹനങ്ങളുമായി ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം.
മദീന മേഖലയിലെ യാമ്പു, ബദ്ർ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്യുമ്പോൾ താഴ്ന്ന പ്രദേശങ്ങളിലും തോടുകൾക്കും അരുവികൾക്കും അരികിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും സൗകര്യത്തിന് അനുസരിച്ച് സുരക്ഷിത മേഖലയിലേക്ക് മാറി നിൽക്കുകയും വേണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.