ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ പ്രവാസി മലയാളികള്‍ക്കിടയിലിപ്പോള്‍ കല്ലുമ്മക്കായയാണ് താരം. കട്ക്ക എന്നും ഞവുണിക്ക എന്നുമെല്ലാം അറിയപ്പെടുന്ന, കടലില്‍ പാറകെട്ടുകളില്‍ ഒട്ടിപ്പിടിച്ചു വളരുന്ന കടല്‍ ജീവി മലയാളി കുടുംബങ്ങളുടെയും ബാച്ചിലേഴ്‌സിന്റെയും അടുക്കളകളിലും റസ്റ്റോറന്റുകളിലും രുചിയൂറും വിഭവമാവുകയാണ്. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ കടല്‍ തീരങ്ങളില്‍ നിന്നും കല്ലുമ്മക്കായ ലഭിക്കും. നാട്ടില്‍ കല്ലുമ്മക്കായ ശേഖരിച്ച് പാകം ചെയ്തു കഴിച്ചും ശീലിച്ച മലയാളികള്‍ ഇത്തരം സ്ഥലങ്ങളിലെത്തി സുലഭമായി ലഭിക്കുന്ന കല്ലുമ്മക്കായ 'സൗജന്യമായി' ശേഖരിക്കുന്നതാണിപ്പോള്‍ കാഴ്ച.

വ്യാപകമായി കല്ലുമ്മക്കായ വളരുന്ന അല്‍ അശ്കറയിലും അല്‍ സഖ്‌ലയിലും എത്തിയാണ് കൂടുതല്‍ മലയാളികളും കല്ലുമ്മക്കായ ശേഖരിക്കുന്നത്. ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീര പ്രദേശങ്ങളില്‍ കല്ലുമ്മക്കായ ലഭിക്കുമെങ്കിലും അശ്കറയിലേക്കാണ് കൂടുതല്‍ പേരും പോകുന്നത്. പ്രവാസികള്‍ക്കിടയിലെ ട്രെന്‍ഡിങ് യാത്രാ സ്‌പോട്ടാണിപ്പോള്‍ അല്‍ അശ്കറ.

mussels-oman
ഒമാനിലെ അശ്കറയില്‍ കല്ലുമ്മക്കായ ശേഖരിക്കുന്ന ആൾ . ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

ഒമാന്‍ ദേശീയദിന അവധി ദിനങ്ങളില്‍ നൂറ് കണക്കിന് മലയാളികളാണ് അല്‍ അശ്കറയില്‍ കല്ലുമ്മക്കായ ശേഖരിക്കാൻ പോയത്. വലിയ അളവില്‍ കല്ലുമ്മക്കായയുമായാണ് എല്ലാവരും മടങ്ങിയത്. ഇതിന്റെ വ്‌ളോഗുകളും റീല്‍സും മറ്റും കണ്ട് കഴിഞ്ഞ വാരാന്ത്യങ്ങളിലും നിരവധി പേര്‍ അശ്കറയിലേക്ക് വണ്ടി തിരിച്ചു. പോയവര്‍ തന്നെ കൂടുതല്‍ ആളുകളുടെ സംഘങ്ങളായി വീണ്ടും പോകുന്നു. വരും ദിവസങ്ങളിലും കല്ലുമ്മക്കായ ശേഖരിക്കാൻ പോകാന്‍ കാത്തിരിക്കുകയാണ് പലരും.

അവധി ദിനങ്ങളില്‍ കുട്ടികളും കുടുംബവുമായാണ് പലരുടെയും കല്ലുമ്മക്കായ തേടിയുള്ള യാത്ര. തങ്ങളുടെ കുട്ടിക്കാലത്ത് നാട്ടില്‍ നിന്നും കല്ലുമ്മക്കായ ശേഖരിക്കാന്‍ പോയതിന്റെ ഓര്‍മകള്‍ പങ്കുവച്ചും അനുഭവങ്ങള്‍ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കുക്കുകയും ചെയ്യുന്നു. കല്ലുമ്മക്കായ ശേഖരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു ചിലര്‍. പ്രവാസത്തിലും ഇത്തരം അനുഭവങ്ങള്‍ ലഭിക്കുന്നതിന്റെ സന്തോഷം പലരും പങ്കുവയ്ക്കുന്നു.

mussels-oman1
കടലിലെ പാറകെട്ടുകളില്‍ ഒട്ടിപ്പിടിച്ചു വളരുന്ന കല്ലുമ്മക്കായ.ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

മസ്‌കത്തില്‍ നിന്ന് 320 കിലോമീറ്ററോളം (ഏകദേശം നാല് മണിക്കൂറോളം) യാത്ര ചെയ്താല്‍ അശ്കറയില്‍ എത്താം. ഇവിടെ നിന്ന് 45 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ അല്‍ സഖ്‌ലയിലുമെത്താനാകും. അതേസമയം, കടലില്‍ വേലിയിറക്കം ഉള്ള സമയത്ത് മാത്രമാണ് കല്ലുമ്മക്കായ ശേഖരിക്കാൻ സാധിക്കുക. മൂര്‍ച്ചയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ഇളക്കിയും കൈയുറ ധരിച്ചുമാണ് കല്ലുമ്മക്കായ അടര്‍ത്തിയെടുക്കുന്നത്.

oman-mussels

കല്ലുമ്മക്കായ സുലഭമായി ലഭിച്ചതോടെ മലയാളികളുടെ തീന്‍ മേശകളില്‍ ഇപ്പോള്‍ വിഭവങ്ങള്‍ കല്ലുമ്മക്കായ നിറച്ചുപൊരിച്ചതും കല്ലുമ്മക്കായ ഫ്രൈയും   മസാലയിട്ടതും, തോരനും കല്ലുമ്മക്കായ ബിരിയാണിയും കല്ലുമ്മക്കായ അച്ചാറുമെല്ലാമാണ്. വീടുകളില്‍ ഉപയോഗിക്കുന്നതിന് പുറമെ ഇവ പാകം ചെയ്തും അല്ലാതെയും പലരും ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയും ചെയ്യുന്നു. റസ്‌റ്ററന്റുകളിലും കല്ലുമ്മക്കായ വിഭവങ്ങള്‍ സുലഭമായി ലഭിക്കും. കല്ലുമ്മക്കായ വൈബിലാണ് ഒമാനിലെ പ്രവാസി മലയാളികള്‍.

English Summary:

Mussels are readily available from the sea shores in various regions of Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com