പ്രായം തോറ്റു; ഖത്തറിലേക്ക് നടന്നെത്തി 68കാരനായ ഒമാൻ പൗരൻ
Mail This Article
ദോഹ ∙ പ്രായം ഒരു സംഖ്യ മാത്രമാണെന്ന് വിജയകരമായി തെളിയിച്ച്, ഐക്യത്തിന്റെ സന്ദേശവുമായി ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഒമാനി പൗരനായ 68കാരൻ മതാർ ബിൻ ഫെയ്‌റൂസ് അൽ ഹോസനി കാൽനടയായി ദോഹയിലെത്തി.
ഒക്‌ടോബർ 29ന് ഒമാനിലെ വിലിയാത് അൽ ഖബൗറയിൽ നിന്നാരംഭിച്ച കാൽനടയാത്ര 30 ദിവസം പിന്നിട്ട് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദോഹയിൽ സമാപിച്ചത്. ഒമാനിൽ നിന്ന് യുഎഇ, സൗദി വഴിയാണ് അൽ ഹോസനി ദോഹയിൽ എത്തിയത്. ഖത്തറിന്റെയും ഒമാന്റെയും പതാകയേന്തിയാണ് അൽ ഹോസനിയെത്തിയത്. ഡിസംബർ 18നാണ് ഖത്തറിന്റെ ദേശീയ ദിനം.
ഒമാനിലെ ജനങ്ങളുടെ പ്രതിനിധിയായാണ് താൻ എത്തിയതെന്നാണ് അൽ ഹോസനിയുടെ ആദ്യ പ്രതികരണം. ഒമാനി ജനതയ്ക്ക് ഖത്തറിലെ സഹോദരന്മാരോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും സന്ദേശവാഹകനായാണ് തന്റെ വരവെന്നും അദ്ദേഹം പറഞ്ഞു.
അൽ ഹോസനിയുടെ ഈ കാൽനടയാത്ര പുതിയ തലമുറയ്ക്ക് വലിയ പ്രചോദനം കൂടിയാണ്. നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമാണ് പ്രായത്തെ മറികടന്ന് വിജയകരമായി കാൽനടയാത്ര പൂർത്തിയാക്കാൻ അദ്ദേഹത്തിനു കരുത്തേകിയത്. ഇതു തന്റെ യാത്രകളുടെ തുടക്കം മാത്രമാണെന്നും തന്റെ സഞ്ചാരം യുവതലമുറയ്ക്ക് പ്രചോദനമാകട്ടെ എന്നും അൽ ഹോസനി പറഞ്ഞു.