ഐൻ മുഹമ്മദിലൂടെ നടന്നുകാണാം ഇസ്‌ലാമിക് കാലഘട്ടത്തിന്റെ ചരിത്രം
Mail This Article
ദോഹ ∙ ഇസ്‌ലാമിക് കാലഘട്ടത്തിന്റെ ആദ്യകാല ചരിത്രമറിയാൻ താൽപര്യമുള്ളവർക്ക് ഈ മാസം 9ന് ആർക്കിയോളജിക്കൽ സൈറ്റ് ആയ ഐൻ മുഹമ്മദ് സന്ദർശിക്കാൻ ഖത്തർ മ്യൂസിയത്തിന്റെ ക്ഷണം. ഖത്തർ മ്യൂസിയത്തിന്റെ 'ലാൻഡ്‌സ്‌കേപ്പ് ഓഫ് ഫെയ്ത്' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഐൻ മുഹമ്മദ് സന്ദർശിക്കാൻ അവസരം. സന്ദർശനം സൗജന്യമാണ്.
സന്ദർശനത്തിലൂടെ ചരിത്രാവശിഷ്ടങ്ങൾ തേടി ഐൻ മുഹമ്മദ്, മിസെയ്ക എന്നിവിടങ്ങളിൽ പുരോഗമിക്കുന്ന ഖനന പ്രവർത്തനങ്ങൾ കണ്ടുമനസിലാക്കാം. മ്യൂസിയം പ്രൊജക്ട് ഡയറക്ടർ ഡോ. റോബർട്ട് കാർട്ടർ സന്ദർശകരെ ഗൈഡ് ചെയ്യും. ഖനനത്തിലൂടെ ലഭിച്ച പൗരാണിക വസ്തുക്കളും സന്ദർശകർക്ക് കാണാം.
സന്ദർശന സമയം രാവിലെ 9 മുതൽ
ഐൻ മുഹമ്മദ് സൈറ്റ് സന്ദർശിക്കുന്നതിനൊപ്പം സന്ദർശകർക്ക് സമീപത്തെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ അൽ സുബാറയും ഒലഫുർ ഏലിയാസണിന്റെ കലാസൃഷ്ടിയും കാണാം. 9ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സന്ദർശന സമയം. രാവിലെ 9, 10, 11 എന്നിങ്ങനെ 3 സമയങ്ങളിലായാണ് ടൂർ. താൽപര്യമുള്ളവർക്ക് സന്ദർശനത്തിൽ പങ്കാളികളാകാം. സ്‌നിക്കേഴ്‌സ് പോലുള്ള സൗകര്യപ്രദമായ ഷൂസുകൾ ധരിക്കണം. ദാഹമകറ്റാൻ പുനരുപയോഗിക്കാവുന്ന തരത്തിലുള്ള വാട്ടർ ബോട്ടിലും കൈവശം വേണം. സൗജന്യമായി തന്നെ ഐൻ മുഹമ്മദ് ടൂറിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ https://qm.org.qa/en/calendar/open-days-ain-mohammed-tours/ റജിസ്റ്റർ ചെയ്യണം.
രാജ്യത്തിന്റെ ആദ്യകാല ഇസ്‌ലാമിക് കാലഘട്ടത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വടക്കൻ മേഖലയിലെ മരുഭൂമികളിലാണ്. ഖത്തറിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിലും ഇത്തരം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 30 എണ്ണം പുരാവസ്തു ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. ഐൻ മുഹമ്മദ്, മിസെയ്ക എന്നിവിടങ്ങളിലെ പഴയകാല ജനതയുടെ ജീവിതശൈലി, മരുഭൂമിയിലെ ജീവിതം അറിയുക, സാമ്പത്തിക പ്രവർത്തനങ്ങൾ, ലോകവുമായുള്ള ബന്ധം, പ്രതിരോധം എന്നിവയെക്കുറിച്ചെല്ലാം അറിയുകയാണ് പദ്ധതിയുടെ ലക്ഷ്യം.