യുഎഇ ദേശീയ ദിനാഘോഷം; സംഗീത വിരുന്നൊരുക്കി എ.ആർ. റഹ്മാനും സംഘവും
Mail This Article
അബുദാബി ∙ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എ.ആർ. റഹ്മാനും അദ്ദേഹത്തിന്റെ ഫിർദൗസ് ഓർക്കസ്ട്രയും ഐക്യ, മാനവിക സന്ദേശവുമായി സംഗീത വിരുന്നൊരുക്കി. 29 രാജ്യങ്ങളിൽ നിന്നുള്ള 52 വനിതകൾ അടങ്ങുന്ന സംഘമാണ് പശ്ചാത്തല സംഗീതമൊരുക്കിയത്. ‘സിങ്ങിങ് ഫോർ ദ് ചിൽഡ്രൻ ഓഫ് സായിദ്’ എന്നു പേരിട്ട പരിപാടിക്ക് ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്സാണ് വേദിയൊരുക്കിയത്.
അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടന്ന പരിപാടിക്കു മോണിക്ക വുഡ്മാൻ നേതൃത്വം നൽകി. യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയുടെ പിന്തുണയോടെയാണ് പ്രത്യേക ഓർക്കസ്ട്രയ്ക്ക് രൂപം നൽകിയത്. ഭാവിതലമുറയാണ് രാജ്യത്തിന്റെ ശക്തിയെന്ന യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ ദർശനങ്ങൾക്ക് സംഗീത സദസ്സ് ആദരമർപ്പിച്ചു.
യുഎഇ ദേശീയഗാനത്തിന്റെ വൈവിധ്യമായ അവതരണവും ബറോക്ക് ഫ്ലെമെൻകോ, ഔർസാസേറ്റ്, എക്‌സ്റ്റസി ഓഫ് ഗോൾഡ്, സ്പിരിറ്റ് ഓഫ് രംഗീല എന്നിവയുൾപ്പെടെ വേദിയിൽ അവതരിപ്പിച്ചു. യുഎഇയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് തന്റെ പുതിയ ഗാനമെന്ന് റഹ്മാൻ പറഞ്ഞു. പുതിയതായി സംഗീതം ചെയ്യുന്ന ഗാനം രാജ്യത്തിനു സമർപ്പിക്കുന്നു. ബുർജീൽ ഹോൾഡിങ്സുമായി സഹകരിച്ചാണ് പുതിയ ഗാനം വരുന്നത്. നിസ്വാർഥമായി അധ്വാനിക്കുന്ന എല്ലാവരെയും ആദരിക്കാൻ വേണ്ടിയുള്ള ഗാനമാണിതെന്നും അദ്ദേഹം പറഞ്ഞു.