ഐഐസി സാഹിത്യ പുരസ്കാരം രാമനുണ്ണിക്ക് സമ്മാനിച്ചു
Mail This Article
അബുദാബി ∙ ഇന്ത്യൻ ഇസ്‍ലാമിക് സെന്ററിന്റെ (ഐഐസി) പ്രഥമ സാഹിത്യ പുരസ്കാരം (50,001 രൂപ) സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു. യുഎഇയുടെ 52ാം ദേശീയ ദിനാഘോഷ ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് പുരസ്കാരം സമ്മാനിച്ചത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
മാനവികതയ്ക്കും മതമൈത്രിക്കും വേണ്ടി നിരന്തരം എഴുതുന്ന സാഹിത്യകാരനാണ് കെ.പി.രാമനുണ്ണിയെന്ന് യൂസഫലി പറഞ്ഞു. മക്ക, മദീന എന്നിവിടങ്ങളിൽനിന്നുള്ള അമൂല്യ സമ്മാനങ്ങളും 1,00001 രൂപയും സ്വന്തം വകയായി രാമനുണ്ണിക്ക് സമ്മാനിച്ചു. സാഹിത്യ ജീവിതത്തിലെ സുകൃതമാണ് ഈ പുരസ്കാരമെന്ന് രാമനുണ്ണി പറഞ്ഞു. ചടങ്ങിൽ ക്യാപ്റ്റൻ ഫാദൽ സാലഹ്, അബ്ദുല്ല ഫാറൂഖി, ഐഐസി പ്രസിഡന്റ് പി.ബാവ ഹാജി, ജനറൽ സെക്രട്ടറി അഡ്വ. കെ.വി.മുഹമ്മദ് കുഞ്ഞി, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, ഹിദായത്തുല്ല എന്നിവരും പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഗസൽ സന്ധ്യയും അരങ്ങേറി.