തിരക്കേറിയ റോഡിൽ 3 സെക്കൻഡിനുള്ളിൽ ഒന്നിലേറെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനം; ഞെട്ടിക്കുന്ന വിഡിയോ
Mail This Article
അബുദാബി ∙ മൂന്ന് സെക്കൻഡിനുള്ളിൽ ഒന്നിലേറെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച വാഹനം അബുദാബിയിലെ തിരക്കേറിയ റോഡിൽ അപകടമുണ്ടാക്കി. ഇന്ന് അബുദാബി പൊലീസ് പങ്കുവച്ച ഞെട്ടിക്കുന്ന വിഡിയോയിൽ ഒരു കറുത്ത എസ്‌യുവി തെറ്റായ ദിശയിലേക്ക് തിരിഞ്ഞതോടെ ശരിയായ ദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊരു എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾ രണ്ടും തകർന്നു. കറുത്ത എസ്‌യുവി നേരെ പോകേണ്ടതായിരുന്നുവെന്നും ഇത് ഇടത്തേക്ക് തിരിഞ്ഞ് അപകടമുണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് പുറത്തിറക്കിയ വിഡിയോയിൽ കാണാം.
ചുവപ്പു സിഗ്നൽ മറികടന്നാൽ 1,000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റ്
വിഡിയോ ക്ലിപ്പിൽ ഒന്നിലധികം നിയമലംഘനങ്ങൾ കാണാമെങ്കിലും അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അബുദാബി പൊലീസ് പറഞ്ഞു. ഡ്രൈവർ റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല, മറ്റ് കാര്യങ്ങളിൽ മുഴുകിയിരുന്നതായി തോന്നുന്നുവെന്നും വിശദമാക്കി. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുക, ബ്രൗസ് ചെയ്യുക, കോൾ ചെയ്യുക, അല്ലെങ്കിൽ ഫോട്ടോ എടുക്കുക എന്നിവ ഉൾപ്പെടുന്നതാണ് അശ്രദ്ധമായ ഡ്രൈവിങ്. ഇത് പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളും അപകടങ്ങളുമുണ്ടാക്കുന്നു.
800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷാർഹമായ ട്രാഫിക് കുറ്റകൃത്യമാണിത്. ചുവപ്പ് ലൈറ്റ് മറികടന്നാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും 30 ദിവസം വാഹനം കണ്ടുകെട്ടലും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കും.
അപകടത്തിൽപ്പെട്ട എസ്‌യുവി പുറത്തിറക്കാൻ അബുദാബിയിലെ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് ഡ്രൈവർ 50,000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും. മൂന്ന് മാസത്തിനുള്ളിൽ ഉടമ പിഴയടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യും.