ADVERTISEMENT

ദുബായ് ∙ വ്യാപാരോത്സവത്തിൽ (ഡിഎസ്എഫ്) സമ്മാനപ്പെരുമഴ. കോടികളുടെ കാഷ് പ്രൈസ്, വിലപിടിച്ച കാറുകൾ, 25 കിലോ സ്വർണം തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഒട്ടേറെ ലക്ഷാധിപതികളെ സൃഷ്ടിക്കുന്ന ഡിഎസ്എഫ് തീരുന്നതോടെ ഇന്ത്യയിലേക്കും കോടികൾ ഒഴുകും. ഭാഗ്യ നറുക്കെടുപ്പിലെ വിജയികളിൽ ഇന്ത്യക്കാർക്കായിരുന്നു മുൻവർഷങ്ങളിൽ മുൻതൂക്കം.

ദിവസേന കാർ സമ്മാനം
100 ദിർഹത്തിന്റെ ഡിഎസ്എഫ് മെഗാ റാഫിൾ ടിക്കറ്റ് എടുക്കുന്നവർക്ക് ദിവസേന പുത്തൻ കാർ (നിസാൻ പട്രോൾ വി6) നേടാം. എപ്കൊ, ഇനോക് സ്റ്റേഷനിൽ നിന്നോ ഐഡിയൽസ് വെബ്സൈറ്റിൽ നിന്നോ ഷോപ്പിങ് മാളുകളിലെ കിയോസ്കിൽ നിന്നോ എടുക്കുന്ന ടിക്കറ്റ് നറുക്കെടുത്താണ് ജേതാവിനെ കണ്ടെത്തുക. ഡിഎസ്എഫ് അവസാനിക്കുന്ന ദിവസം നടക്കുന്ന ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പിൽ ഭാഗ്യശാലിക്ക് 5 ലക്ഷം ദിർഹവും സമ്മാനിക്കും.

10 ലക്ഷം ദിർഹം
ഷോപ്പിങ് മാൾ ഗ്രൂപ്പ് നടത്തുന്ന പ്രത്യേക പ്രമോഷനിൽ 10 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് നൽകുന്നത്. പങ്കാളിത്ത സ്ഥാപനങ്ങളിൽനിന്ന് 200 ദിർഹത്തിന്റെ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്താണ് ഭാഗ്യശാലികളെ കണ്ടെത്തുക. ഈ മാസം 16, 23, 30, ജനുവരി 6, 13 തീയതികളിലായി നടക്കുന്ന നറുക്കെടുപ്പിലൂടെ 25 ഭാഗ്യശാലികൾക്ക് 40,000 ദിർഹം വീതം നേടാം.

25 കിലോ സ്വർണം

ദുബായ് ജ്വല്ലറി ഗ്രൂപ്പ് നടത്തുന്ന പ്രമോഷനിലൂടെ നൽകുന്നത് 25 കിലോ സ്വർണം. ദുബായിലെ 275 ജ്വല്ലറികളിൽനി ന്നോ ദുബായ് ഡ്യൂട്ടി ഫ്രീയിൽ നിന്നോ 500 ദിർഹത്തിന് സ്വർണം വാങ്ങുന്നവർക്ക് നറുക്കെടുപ്പിൽ പങ്കാളിയാകാൻ ഒരു കൂപ്പൺ ലഭിക്കും. വജ്ര, രത്ന, പ്ലാറ്റിനം ആഭരണം വാങ്ങുന്നവർക്ക് 2 കൂപ്പൺ ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിൽ ജേതാവിന് ലഭിക്കുന്നത് കാൽ കിലോ സ്വർണം. അവസാന ദിവസം നടക്കുന്ന മെഗാ നറുക്കെടുപ്പിൽ 20 വിജയികൾക്കായി മൊത്തം 5 കിലോ സ്വർണം വിതരണം ചെയ്യും. കൂടാതെ ഡിജിറ്റൽ നറുക്കെടുപ്പിൽ 200 ഭാഗ്യശാലികൾക്ക് 10 ഗ്രാം വീതം നൽകും. റാഫിൾ കൂപ്പണിലെ ക്യുആർ കോ‍ഡ് സ്കാൻ ചെയ്തവരാണ് ഡിജിറ്റൽ നറുക്കെടുപ്പിൽ ഉൾപ്പെടുക.

ദിവസേന ലക്ഷം ദിർഹം
ഇനോക് പെട്രോൾ പമ്പ്, സൂം, തസ്ജീൽ എന്നിവയിൽനിന്ന് 25 മുതൽ 75 ദിർഹത്തിന്റെ സാധനങ്ങൾ വാങ്ങുകയോ സേവനം സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് ലഭിക്കുന്ന കൂപ്പൺ നറുക്കെടുത്ത് വിജയിക്ക് ദിവസേന ഒരു ലക്ഷം ദിർഹം സമ്മാനം നൽകും. ഒക്ടോബർ ഒന്നിനു ആരംഭിച്ച നറുക്കെടുപ്പിൽ ഇന്നലെ വരെ ദിവസേന 10,000 ദിർഹം നൽകി.

English Summary:

Many Big and Small Prizes are Waiting for the Lucky Ones During the Trade Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com