കാൽപന്താവേശം നിറച്ച് എഎഫ്‌സി ട്രോഫി പര്യടനം
Mail This Article
ദോഹ ∙ ആരാധകരിൽ കാൽപന്തുകളിയുടെ കളിയാവേശം പകരാൻ എഎഫ്‌സി ഏഷ്യൻ കപ്പ് ട്രോഫി പര്യടനം തുടങ്ങി. രാജ്യത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിൽ ആണ് ട്രോഫി പ്രദർശിപ്പിക്കുന്നത്. ആരാധകർക്ക് ട്രോഫി കാണാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും അവസരം ലഭിക്കും. ട്രോഫിയോടൊപ്പം ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങളായ സബൂഗ്, തിംബ്കി, ഫ്രെഹ, സ്‌ക്രിതി, ട്രനേഹ് എന്നിവരുമുണ്ട്. ഇന്ന് വൈകിട്ട് 4 മുതൽ രാത്രി 8 വരെ മാൾ ഓഫ് ഖത്തറിൽ ട്രോഫി പ്രദർശിപ്പിക്കും. ഏതൊക്കെ സ്ഥലങ്ങളിലാണ് ട്രോഫിയും സബൂഗും എത്തുകയെന്ന് എഎഫ്‌സി ഏഷ്യൻ കപ്പിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അറിയാം.
അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ 9 സ്റ്റേഡിയങ്ങളിലായാണ് എഎഫ്‌സി ഏഷ്യൻ കപ്പ്. 24 ടീമുകളാണ് മത്സര രംഗത്തുള്ളത്. 1988, 2011 വർഷങ്ങൾക്ക് ശേഷം ഇതു മൂന്നാം തവണയാണ് ഖത്തർ എഎഫ്‌സി ഏഷ്യൻ കപ്പിന് വേദിയാകുന്നത്. 6,000 വൊളന്റിയർമാരെയാണ് ടൂർണമെന്റിൽ സേവനത്തിനായി തിരഞ്ഞെടുത്തത്.