ബർ ദുബായിലെ 75 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റും
Mail This Article
ദുബായ് ∙ ബർ ദുബായിലെ 75 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം 2024 ജനുവരി 3 മുതൽ ജബൽ അലിയിലെ പുതിയ സ്ഥലത്തേക്ക് മാറ്റും. ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പുകൾ പതിച്ചിട്ടുണ്ട്. 2024 ജനുവരി 3 ബുധനാഴ്ച മുതൽ ഈ ക്ഷേത്രം ജബൽ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിലേക്ക് മാറ്റുമെന്ന് അറിയിപ്പില്‍ പറഞ്ഞു.
ബർ ദുബായിലെ സിന്ധിഗുരു ദർബാർ കോംപ്ലക്സിലെ ശിവക്ഷേത്രം 1958-ൽ പണികഴിപ്പിച്ചതാണ്, അതിനുശേഷം യുഎഇയിൽ താമസിക്കുന്ന ഹിന്ദുക്കളുടെ ആരാധനാലയമാണിത്. നിത്യവും ഇവിടെയെത്തി ആരാധന നടത്തുന്ന മലയാളികളടക്കം ഒട്ടേറെ പേർ ദുബായിലുണ്ട്. വാരാന്ത്യങ്ങളിൽ 5,000 ത്തോളം പേർ ക്ഷേത്രം സന്ദർശിക്കുന്നു, ഉത്സവ വേളകളിൽ എണ്ണം 100,000 ആയി ഉയരും. അധികൃതരുടെ ഭാഗത്ത് നിന്ന് വിവരങ്ങൾ ലഭിച്ചാലുടൻ കൂടുതൽ വിശദാംശങ്ങൾ നൽകുമെന്ന് ക്ഷേത്രം മാനേജിങ് കമ്മിറ്റി തലവൻ വാസു ഷ്റോഫ് പറഞ്ഞു.
ഈ സ്ഥലം വളരെ തിരക്കേറിയതാണെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ചിലപ്പോൾ വെല്ലുവിളിയാകുന്നുവെന്നും ജബൽ അലിയിൽ പുതിയ ക്ഷേത്രം പണിയാൻ ക്ഷേത്ര മാനേജ്‌മെന്റിന് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് വാസു ഷ്രോഫ് പറഞ്ഞിരുന്നു. മുസ്‌ലിം പള്ളിയോട് ചേർന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്കുള്ള വഴിയിൽ പൂജയ്ക്കാവശ്യമായ എണ്ണ, തിരി തുടങ്ങിയവ വിൽക്കുന്ന ഒട്ടേറെ കടകളുണ്ട്. ഇവരുടെ ഭാവി ഇനി എന്താകുമെന്ന് ആളുകൾ ഉറ്റുനോക്കുന്നു.