ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയെ ബിനു മണ്ണിൽ നയിക്കും
Mail This Article
മനാമ∙ ഇന്ത്യൻ സ്‌കൂളിൽ 2023-2026 കാലയളവിലേക്കുള്ള ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രോഗ്രസ്സീവ് പാരന്റ്സ് അലയൻസിന് ഭൂരിപക്ഷം ലഭിച്ചതോടെ ബിനു മണ്ണിൽ വർഗീസ് ചെയർമാനായി ഭരണസമിതിയെ നയിക്കും. ബിനു മണ്ണിലിനെ കൂടാതെ മുഹമ്മദ് ഫൈസൽ,മിഥുൻ മോഹൻ,രഞ്ജിനി മോഹൻ,ബോണി ജോസഫ്,ബിജു ജോർജ്ജ്രാ ,രാജപാണ്ഡ്യൻ വരദ പിള്ള എന്നിവരാണ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മറ്റു സ്‌ഥാനാർഥികൾ. ബിജു ജോർജ് യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ (യുപിപി) ചെയർമാൻ സ്ഥാനാർത്ഥിയായിരുന്നു.
സ്‌കൂൾ ഭരണ സമിതിയിലേക്ക് സ്റ്റാഫ് പ്രതിനിധി സ്ഥാനത്തേക്ക് മിഡിൽ വിഭാഗം പ്രധാന അധ്യാപിക പാർവതി ദേവദാസനെ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർമാരായ വി.കെ.തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പ് സുഗമമാക്കാൻ സഹകരിച്ച അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, രക്ഷിതാക്കൾ എന്നിവർക്ക് അവർ നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പിൽ വിവിധ പാനലുകളെ പ്രതിനിധീകരിച്ച് 22 സ്ഥാനാർത്ഥികൾ പങ്കെടുത്തു. വെള്ളിയാഴ്ച ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന്റെ (എജിഎം) ആദ്യ അജണ്ടയായിരുന്നു തിരഞ്ഞെടുപ്പ്. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഓണററി സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയ്ക്ക് നന്ദി അറിയിച്ചു.