ഒമാന്‍ സുല്‍ത്താന്റെ ഇന്ത്യ സന്ദര്‍ശനം: സഹകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കും
Mail This Article
മസ്‌കത്ത് ∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഇന്ത്യയും സിംഗപ്പൂരും സന്ദര്‍ശിക്കുന്നു. ഡിസംബര്‍ 13 മുതല്‍ സുല്‍ത്താന്റെ ഔദ്യോഗിക സന്ദര്‍ശനം ആരംഭിക്കുമെന്ന് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് അഫേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തലവന്‍ അബ്ദുല്‍ സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ്, ഊര്‍ജധാതു കാര്യ മന്ത്രി എന്‍ജി. സാലിം ബിന്‍ നാസര്‍ അല്‍ ഔഫി, മന്ത്രാലയം ഫോറിന്‍ ട്രേഡ് ആൻഡ് ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ഉപദേശകന്‍ പങ്കജ് ഖിംജി, വിദേശകാര്യ മന്ത്രാലയം അബാസഡര്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഹിനായ്, ഇന്ത്യയിലെ ഒമാന്‍ അബാസഡര്‍ ഇസ്സ സാലിഹ് അല്‍ ശൈബാനി എന്നിവര്‍ സുല്‍ത്താനെ അനുഗമിക്കും.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ക്ഷണപ്രകാരം സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഡിസംബര്‍ 16 മുതല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇന്ത്യന്‍ എംബസി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സുല്‍ത്താനെ വരവേല്‍ക്കും. പ്രധാനമന്ത്രിയുമായി സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തും. അത്താഴ വിരുന്നിലും സുല്‍ത്താന്‍ പങ്കെടുക്കും. പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിത്തറയില്‍ കെട്ടിപ്പടുത്ത ഇന്ത്യ–ഒമാന്‍ ബന്ധം സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ദീര്‍ഘകാല ചരിത്രം പങ്കിടുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.