കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറികൾ; തൂക്കം കുറഞ്ഞു, വില കൂടി
Mail This Article
അബുദാബി ∙ പ്രാദേശിക പച്ചക്കറികൾ വിപണിയിൽ എത്തിയിട്ടും വിലക്കയറ്റം രൂക്ഷം. പഴം, പച്ചക്കറികൾക്കു മാത്രമല്ല അരിക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില കുതിച്ചുകയറി. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റി. ഇന്ത്യയിൽനിന്നുള്ള അരി, സവാള തുടങ്ങി ചില ഉൽപന്നങ്ങളുടെ കയറ്റുമതി നിയന്ത്രണത്തിന്റെ പേരിൽ ഗൾഫിൽ ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളുടെ തൂക്കം കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തപ്പോൾ വില വർധനയുടെ ശതമാനക്കണക്ക് ഇരട്ടിയിലേറെ വരും. വർഷങ്ങളായി വർധിക്കാത്തത് ശമ്പളം മാത്രമാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു.
ഒരു കിലോ തക്കാളിയുടെ ഇന്നലത്തെ ശരാശരി വില 7.50 ദിർഹം (170 രൂപ). തുർക്കി, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള സവാളയ്ക്ക് 7.50 ദിർഹം വരെ ഈടാക്കുന്നു. (വിവിധ കടകളിൽ വിലയിൽ നേരിയ ഏറ്റക്കുറച്ചിലുണ്ട്) ചൈനയുടെ വെളുത്തുള്ളിക്ക് 12 ദിർഹമും (272 രൂപ) ഇന്ത്യയുടേതിനു 18.50 ദിർഹമും (420 രൂപ) ആണ് വില. ഇന്ത്യൻ ഇഞ്ചിക്ക് 14.50 ദിർഹം (329 രൂപ) നൽകണം.
ചൈനയുടേതിന് 11.50ഉം (261 രൂപ). ശ്രീലങ്കൻ തേങ്ങ ചിരകാത്തത് നേരത്തെ 1.75ന് വരെ കിട്ടിയിരുന്നത് ഇപ്പോൾ 2.50 ദിർഹം (56 രൂപ). കുമ്പളങ്ങ 4.50 (102 രൂപ), പച്ചമുളക് 12.50 (283 രൂപ), നീളൻ പയറ് 11.50 (261 രൂപ), വെണ്ട 9.50 (215 രൂപ), കാരറ്റ് 5.50 (124 രൂപ), വെള്ളരി 5.25 (119 രൂപ), വഴുതന 4.50 ദിർഹം. 2.50 ദിർഹത്തിനു ലഭിച്ചിരുന്ന ഉരുളക്കിഴങ്ങിനും നൽകണം ഇരട്ടിയോളം വില.
ഒക്ടോബർ അവസാനം മുതൽ പ്രാദേശിക പച്ചക്കറിയുടെ വരവ് തുടങ്ങുന്നതോടെ വില കുറയുന്നത് പതിവാണ്. എന്നാൽ ഇത്തവണ കുക്കുംബറിനൊഴികെ മറ്റെല്ലാത്തിനും വില ഉയർന്നാണ്. നിത്യോപയോഗ സാധനങ്ങൾക്കും വില ഗണ്യമായി കൂടി. ഓഫറിൽ പാചക എണ്ണ രണ്ടും രണ്ടര കുപ്പിയും, സോപ്പ് പൊടി 2 പായ്ക്കറ്റും ലഭിച്ചിരുന്ന വിലയ്ക്ക് ഇപ്പോൾ ഒരെണ്ണം പോലും കിട്ടാതായി.
3 കിലോ സോപ്പ് പൊടിയുടെ 2 പാക്കറ്റ് ഓഫറിൽ നൽകിയിരുന്നത് ഇപ്പോൾ രണ്ടരയും ഒന്നരയും കിലോയുടെ പാക്കറ്റായി കുറഞ്ഞിട്ടും വില കൂടി. സൺഫ്ലവറിന്റെ വലിയ ചിത്രമൊട്ടിച്ച് വിൽക്കുന്ന ഒരു ഉൽപന്നത്തിന്റെ വിശദാംശം നോക്കിയപ്പോൾ സൂര്യഗാന്ധി എണ്ണയുടെ സാന്നിധ്യം 5% മാത്രം. തൂക്കവും എണ്ണവും നോക്കി പാക്കറ്റ് ഭക്ഷണം (കുബ്ബൂസ്, ഫ്രോസൺ ചപ്പാത്തി, ഫ്രോസൺ പൊറോട്ട) എന്നിവ വാങ്ങിക്കുന്നവരും വെട്ടിലായി. വിശപ്പ് അടങ്ങിയതുമില്ല പണം കൂടുതൽ ചെലവാകുകയും ചെയ്തു. പൊറോട്ടയും 5ന് പകരം രണ്ടെണ്ണമായി വിപണിയിൽ അവതരിപ്പിച്ചെന്നും അനുഭവസ്ഥർ ഓർമിപ്പിച്ചു.