ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനമെന്ന പ്രമേയത്തിന് ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ അംഗീകാരം
Mail This Article
ദുബായ് ∙ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനമെന്ന പ്രമേയത്തിന് ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ അംഗീകാരം. കോപ്പിന്‍റെ 28 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫോസിൽ ഇന്ധനം പടിപടിയായി കുറയ്ക്കുന്ന കാര്യത്തിൽ അംഗ രാജ്യങ്ങൾക്കിടയിൽ അഭിപ്രായ സമന്വയമായത്. തിങ്കളാഴ്ച പുറത്തുവിട്ട ആദ്യ കരടിൽ ഫോസിൽ ഇന്ധനത്തിന്‍റെ ഉപയോഗം പൂർണമായും ഇല്ലാതാക്കുന്നത് സംബന്ധിച്ച് പരാമർശമില്ലാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 2050 ഓടെ അന്തരീക്ഷ മലിനീകരണം പൂജ്യത്തിൽ എത്തിക്കാനായി ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പരിവർത്തനം നടത്തണമെന്ന പ്രമേയമാണ് യൂറോപ്യൻ യൂണിയന് പുറമെ 197 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അംഗീകരിച്ചത്.
ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസാക്കി കുറയ്ക്കാൻ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതിന്‍റെ ആവശ്യകത പ്രമേയത്തിൽ ഊന്നിപ്പറയുന്നു. പാരിസ് ഉടമ്പടിയും രാജ്യങ്ങളുടെ പരിതസ്ഥിതിയും എല്ലാം കണക്കിലെടുത്ത് പൊതുലക്ഷ്യത്തിനായി എല്ലാവരും പരിശ്രമിക്കണമെന്നാണ് ധാരണ. ആഗോളതലത്തിൽ പുനരുപയോഗിക്കാവുന്ന ഊർജ ശേഷി 2030-ഓടെ മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം. അനിയന്ത്രിതമായി കൽക്കരി ഉപയോഗിക്കുന്നത് ദ്രുതഗതിയിൽ കുറയ്ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. സുസ്ഥിരമായ ഭാവിക്കൊപ്പം മനുഷ്യരാശിയെയും ഭൂമിയേയും സംരക്ഷിക്കുന്നതിനും പ്രമേയം വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.
പലരും സാധ്യമാകില്ലെന്ന് പറഞ്ഞതാണ് നടന്നിരിക്കുന്നതെന്ന് കോപ് 28 പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബെർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന് ദുബായിൽ നടപ്പാക്കിയിരിക്കുന്ന പരിഹാരങ്ങൾ പുതിയ സാമ്പത്തിക യുഗത്തിന്‍റെ ചാലകങ്ങളായി മാറും. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടി ഫോസിൽ ഇന്ധനങ്ങളുടെ കാര്യത്തിൽ സമയാവത്തിൽ എത്താത്തിനെ തുടർന്ന് അനന്തമായി നീളുകയായിരുന്നു. പുലർച്ചെ മൂന്നുവരെ തുടർന്ന ചർച്ചയിൽ രാവിലെ ഏഴോടെയാണ് അന്തിമ കരട് പ്രമേയം പുറത്തിറക്കിയത്. ഇതിന് പിന്നാലെ നടന്ന പ്ലീനറി യോഗത്തിൽ പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.