വാഹന നമ്പർ പ്ലേറ്റ് കൈമാറ്റം എളുപ്പമാക്കി യുഎഇ പാസ്
Mail This Article
ദുബായ് ∙ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശ കൈമാറ്റം ഇനി യുഎഇ പാസ് വഴി. വിൽക്കുന്നയാളും വാങ്ങുന്നയാളും വില, തുക കൈമാറുന്ന രീതി എന്നിവ മുൻകൂട്ടി ചർച്ച ചെയ്ത് തീരുമാനിച്ചാൽ നടപടി എളുപ്പമാകും.
വാഹന നമ്പർ പ്ലേറ്റ് കൈമാറ്റ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതിനായി ഹാപ്പിനസ് കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ല. യുഎഇ പാസ് മുഖേന ഓൺലൈനായി ചെയ്യാം.
വിൽപനക്കാരൻ വാങ്ങുന്നയാളുടെ വിശദാംശങ്ങൾ (യുഎഇ പാസ്, ടെലിഫോൺ നമ്പർ) എന്നിവ ശേഖരിച്ച് പരിശോധിച്ച് ഉറപ്പിച്ച ശേഷം യുഎഇ പാസ് ഉപയോഗിച്ച് വിൽപനയും വാങ്ങലും റജിസ്റ്റർ ചെയ്ത് നിശ്ചിത ഫീസ് അടച്ചാൽ നടപടി പൂർണമാകും. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് കൂടുതൽ സേവനങ്ങൾ ഓൺലൈനാക്കി വരുന്നതെന്ന് ആർടിഎ അറിയിച്ചു.