നിർമാണത്തിന് മുൻപേ ലോകശ്രദ്ധ നേടി, സവിശേഷതകളേറെ; ലുസെയ്ൽ മ്യൂസിയം തറക്കല്ലിടൽ ഈ മാസം
Mail This Article
ദോഹ ∙ രാജ്യത്തിന്റെ സാംസ്‌കാരികതയുടെ പ്രതീകമാകുന്ന ലുസെയ്ൽ മ്യൂസിയത്തിന്റെ നിർമാണത്തിന് ഈ മാസം തുടക്കമാകും. നിർമാണപ്രവർത്തനങ്ങൾക്ക് ഈ മാസം തറക്കല്ലിടുമെന്ന് ഖത്തർ മ്യൂസിയംസ് അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി പ്രഖ്യാപിച്ചു. വിഖ്യാത വാസ്തുശിൽപി ജാക്വിസ് ഹെർസോഗ് ആണ് മ്യൂസിയത്തിന്റെ രൂപരേഖ തയാറാക്കിയത്. 'സംസ്‌കാരത്തിന്റെ ശക്തി' എന്ന തലക്കെട്ടിൽ ഖത്തർ മ്യൂസിയം ആരംഭിച്ച പോഡ്കാസ്റ്റ് സീരീസിന്റെ ആദ്യ എപ്പിസോഡിൽ ആർക്കിടെക്റ്റുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ഈമാസം നിർമാണം തുടങ്ങുമെന്ന് ഷെയ്ഖ അൽ മയാസ പ്രഖ്യാപിച്ചത്.
പൂർണമായും പ്രാദേശിക സാമഗ്രികൾ കൊണ്ടാണ് മ്യൂസിയം നിർമിക്കുക. ഡിസൈൻ സവിശേഷതകൾകൊണ്ട് നിർമാണത്തിന് മുൻപേ ലുസെയ്ൽ മ്യൂസിയത്തിന്റെ ഡിസൈൻ ലോകശ്രദ്ധ നേടി. ആർക്കിടെക്ചർ രംഗത്തെ ഖത്തറിന്റെ മറ്റൊരു വിസ്മയമായി ലുസെയ്ൽ മ്യൂസിയം മാറും.